ന്യൂഡൽഹി: വയനാട്ടിലെ കർഷകരുടെ ആത്മഹത്യയും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം സംബന്ധിച്ച പ്രതിസന്ധിയും ലോക്‌സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി എം.പി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടാൻ റിസർവ് ബാങ്കിന് കേന്ദ്രം നിർദ്ദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്കിന്റെ ജപ്‌തി നടപടികൾ നിറുത്തിവയ്‌ക്കാൻ അവരോട് ആവശ്യപ്പെടണം. വ്യവസായികളുടെ കോടിക്കണക്കിന് രൂപയുടെ വായ്‌പ എഴുതിത്തള്ളിയ കേന്ദ്രസർക്കാർ കർഷകരോട് കാണിക്കുന്നത് ഇരട്ടനീതിയാണ്. കേന്ദ്ര ബഡ്‌ജറ്റിൽ കർഷകരെ അവഗണിച്ചുവെന്നും രാഹുൽ ശൂന്യവേളയിൽ കുറ്റപ്പെടുത്തി.
രാജ്യത്തെ കർഷകരുടെ അവസ്ഥ വളരെ ദയനീയമാണെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും അടിയന്തര നടപടി സ്വീകരിക്കണെന്നും രാഹുൽ ആവശ്യപ്പെട്ടു. ബാങ്കുകൾ ജപ്‌തി നടപടികൾ സ്വീകരിച്ചത് മൂലം ഒന്നര വർഷത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത്. ഇതിന് പരിഹാരമായി കേരള സർക്കാർ ഈ വർഷം ഡിസംബർ 31 വരെ കാർഷിക വായ്‌പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ അനുമതി നൽകാൻ റിസർവ് ബാങ്കിന് കേന്ദ്രസർക്കാർ വേണ്ടത്ര നിർദ്ദേശം നൽകുന്നില്ലെന്നും പാർലമെന്റ് സമ്മേളനത്തിലെ ആദ്യ പ്രസംഗത്തിൽ രാഹുൽ കുറ്റപ്പെടുത്തി.
എന്നാൽ രാജ്യത്തെ കർഷകരുടെ പ്രശ്‌നങ്ങൾ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഉണ്ടായതല്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മറുപടി നൽകി. കർഷകരുടെ പ്രശ്‌നങ്ങളിൽ നിന്നും ഒളിച്ചോടിയവരാണ് ഇപ്പോൾ കേന്ദ്രത്തിനെ കുറ്റംപറയുന്നത്. വരുമാനം ഇരട്ടിയാക്കാനുള്ളതടക്കമുള്ള പദ്ധതികൾ കർഷകർക്ക് വേണ്ടി കേന്ദ്രം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |