കൊല്ലം: കടലാഴങ്ങളിലെ അത്ഭുതങ്ങൾ കരയിൽ പ്രദർശിപ്പിക്കുന്നതിനൊപ്പം ആഴക്കടൽ ഗവേഷണത്തിന് സൗകര്യങ്ങളുമുള്ള ഓഷ്യാനേറിയം കൊല്ലത്ത് സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രാഥമിക സാദ്ധ്യതാ പഠന റിപ്പോർട്ട് തയ്യാറായി. തീരദേശ വികസന കോർപ്പറേഷൻ, കൊല്ലം നഗരസഭ, ഫിഷറീസ്, തുറമുഖം അടക്കമുള്ള വിവിധ വകുപ്പുകളുമായി ചർച്ച ചെയ്ത് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി.
ടൂറിസത്തിനും ഗവേഷണത്തിനും ഒരുപോലെ പ്രാധാന്യമുള്ള ഓഷ്യാനേറിയമാണ് കൊല്ലത്ത് ലക്ഷ്യമിടുന്നത്. വിവിധ കടൽ ജീവികൾ, അപൂർവ മത്സ്യങ്ങൾ, കടൽ സസ്യങ്ങൾ, വിവിധ മത്സ്യബന്ധന സാമഗ്രികൾ, കേരളത്തിന്റെ മത്സ്യബന്ധന ചരിത്രം തുടങ്ങിയവയുടെ പ്രദർശനം ഉണ്ടാകും. കടലിന്റെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്ന പ്രതീതി സൃഷ്ടിക്കുന്ന തരത്തിലാകും മത്സ്യങ്ങളെയും മറ്റ് ജീവികളെയും പ്രദർശിപ്പിക്കുക. ശുദ്ധജല മത്സ്യങ്ങളും പ്രദർശനത്തിനുണ്ടാകും. ഇതിനെല്ലാം പുറമെയാണ് പ്രത്യേക വിഭാഗമായി ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനം.
ഗവേഷണ കേന്ദ്രത്തിൽ പ്രതീക്ഷിക്കുന്നത്
മത്സ്യസമ്പത്തിന്റെ സംരക്ഷണം, വർദ്ധിപ്പിക്കൽ
കടലിന്റെ അടിത്തട്ട് സംബന്ധിച്ച പഠനം
കടൽ വിഭവങ്ങളിൽ നിന്ന് കൂടുതൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ
മത്സ്യബന്ധനത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ
കേന്ദ്ര ഏജൻസികളുടെ നിരീക്ഷണവും സഹായവും
പ്രാഥമിക ചെലവുകൾക്ക്
₹ 10 കോടി
പത്ത് ഏക്കറിൽ
ഓഷ്യാനേറിയത്തിന് കുറഞ്ഞത് പത്ത് ഏക്കറെങ്കിലും വേണമെന്നാണ് കണക്കുകൂട്ടൽ. കടൽജലം, കായൽജലം, ശുദ്ധജലം എന്നിവയ്ക്ക് പുറമേ സഞ്ചാരികൾക്ക് എത്തിപ്പെടാനുള്ള സൗകര്യം കൂടിയുള്ള സ്ഥലമാകും തിരഞ്ഞെടുക്കുക. സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയ ശേഷം സ്വകാര്യ നിക്ഷേപത്തോടെ പദ്ധതി നടപ്പാക്കാനാണ് ആലോചന.
''സിയാൽ മോഡലിൽ സർക്കാരിനും സ്വകാര്യ നിക്ഷേപകർക്കും പങ്കാളിത്തമുള്ള പ്രത്യേക കമ്പനി ഓഷ്യാനേറിയത്തിനായി രൂപീകരിക്കും''- തീരദേശ വികസന കോർപ്പറേഷൻ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |