തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരവാസികൾക്കായി നഗരസഭ വിവിധോദ്ദേശ്യ സ്മാർട്ട് കാർഡ് പുറത്തിറക്കും. എന്തിനും ഏതിനും കീശയിൽ പണം കൊണ്ടുനടക്കുന്നതിന് പകരം ഇനി സുരക്ഷാചിപ്പുകളോട് കൂടിയ ഒറ്റ കാർഡ് മതി. ബസിലോ ട്രെയിനിലോ യാത്ര ചെയ്യാനും സർക്കാരുമായി ബന്ധപ്പെട്ട പണമിടപാടുകൾക്കും മാത്രമല്ല, പാർക്കിംഗ് ഫീസ് നൽകാനും കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനുമെല്ലാം ഈ സ്മാർട്ട് കാർഡ് ധാരാളം. ഇതിന്റെ വിശദമായ രൂപരേഖ നഗരസഭ ഉടൻ തയാറാകും.
എ.ടി.എം കാർഡുപോലെ സുരക്ഷാ മാനദണ്ഡങ്ങൾക്കായി പ്രത്യേക ചിപ്പോട് കൂടിയ കാർഡാകും ഏർപ്പെടുത്തുക. ബാങ്ക് എ.ടി.എം കാർഡ് വഴി ഇടപാടുകൾ നടത്തുന്നതിന് സമാനമായി ഈ സ്മാർട്ട് കാർഡും ഉപയോഗിക്കാം. ആവശ്യാനുസരണം പണം അക്കൗണ്ടിൽ ഉണ്ടാകണമെന്ന് മാത്രം. മുൻകൂർ പണം നിറച്ച് ഉപയോഗിക്കുന്ന വിധത്തിലോ തിരിച്ചറിയൽ രേഖയായ ആധാർ കാർഡുവഴി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചോ ആകും സ്മാർട്ട് കാർഡ് ഇടപാടുകൾ നടക്കുക. നഗരസഭയും സ്മാർട്ട് സിറ്റി പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രത്യേക ഉദ്ദേശകമ്പനിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിശദമായ കൂടിയാലോചനകൾ നടത്തി പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയ ശേഷമാകും കാർഡ് പുറത്തിറക്കുക.
സർക്കാരുമായി ആലോചിക്കും
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെയും റെയിൽവേ, കെ.എസ്.ആർ.ടി.സി, സ്വകാര്യ സംരംഭകർ എന്നിവയുടേയും സേവനങ്ങൾക്കുള്ള ഫീസും നികുതികളും സ്മാർട്ട് കാർഡ് വഴി നൽകണമെങ്കിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഇതുസംബന്ധിച്ച് ആശയ വിനിമയം നടത്തി അവരുമായി ധാരണയിലെത്തേണ്ടതുണ്ട്. വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുംമുമ്പ് ഇത്തരം സ്ഥാപനങ്ങളുമായുള്ള കൂടിയാലോചന നടത്തും.
കാർഡ് സേവനങ്ങൾ
സാധനങ്ങൾ വാങ്ങാം
സിനിമ കാണാം
ആശുപത്രി ആവശ്യങ്ങൾക്ക് ഉപയോഗിക്കാം
ഭക്ഷണ ബില്ലുകൾ നൽകാം
ബസ്, ട്രെയിൻ യാത്രകൾക്ക് ഉപയോഗിക്കാം
വിവിധ ഫീസുകളും നികുതികളും ഒടുക്കാം
''സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള പദ്ധതിയെപ്പറ്രി ആലോചിക്കുന്നതേയുള്ളു. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതോടെ രൂപരേഖയാകും. പണമിടപാടിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനൊപ്പം സർക്കാരിന്റെയും നഗരസഭയുടെയും മിക്ക സേവനങ്ങളും ഓൺലൈനായിരിക്കുന്ന സാഹചര്യത്തിൽ ഭാവിയിൽ സ്മാർട്ട് കാർഡ് നഗരവാസികൾക്ക് പ്രയോജനം ചെയ്യും.
വി.കെ പ്രശാന്ത്, മേയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |