ഇംഫാൽ: സംഘർഷത്തിന് അയവില്ലാത്ത മണിപ്പൂരിൽ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്റെ സഹായം തേടി സംസ്ഥാന സർക്കാർ. 2015ൽ മ്യാൻമർ അതിർത്തി കടന്നുള്ള സർജിക്കൽ സ്ട്രൈക്കിന് നേതൃത്വം നൽകിയ റിട്ട. കേണൽ നെക്താർ സഞ്ചേൻബാമിനെ സംസ്ഥാന പൊലീസിൽ സീനിയർ സൂപ്രണ്ടായി നിയമിച്ചു. സമാധാന കാലത്തെ ഉയർന്ന രണ്ടാമത്തെയും മൂന്നാമത്തെയും സൈനിക ബഹുമതിയായ കീർത്തിചക്രയും ശൗര്യചക്രയും നേടിയ സഞ്ചേൻബാമിനെ അഞ്ച് വർഷ കാലാവധിയിലാണ് നിയമിച്ചത്. കഴിഞ്ഞ മാസം 24 മുതൽ നിയമിച്ചതായാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറി 28ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ജൂൺ 12ന് ചേർന്ന സംസ്ഥാന മന്ത്രിസഭയാണ് തീരുമാനമെടുത്തതെന്നും ഉത്തരവിലുണ്ട്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ പത്തിലധികം പേർ കൊല്ലപ്പെടുകയും 30ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവങ്ങൾക്കിടെയാണ് ഈ നിയമന വിവരം പുറത്തുവന്നത്.
കുക്കി കുടുംബങ്ങളെ ഒഴിപ്പിച്ചു
അതിനിടെ ഇംഫാലിലെ ന്യൂ ലാമ്പുലെയിനിൽ നിന്നും അവസാനത്തെ 10 കുക്കി കുടുംബങ്ങളെയും സർക്കാർ ഒഴിപ്പിച്ചു. കലാപത്തിനുശേഷവും ഇവിടെ തുടർന്ന 24 കുക്കി വംശജരെയാണ് ഒഴിപ്പിച്ചത്. കുക്കി വംശജർ കൂടുതലായി കഴിയുന്ന കാൻഗ്പോക്പി ജില്ലയിലെ മോട്ട്ബംഗിലേക്കു 10 കുടുംബങ്ങളെയും നിർബന്ധിച്ചാണ് മാറ്റിയത്. തങ്ങളെ ന്യൂ ലാമ്പുലെയിനിൽനിന്നും ബലമായി ഒഴിപ്പിക്കുകയായിരുന്നെന്നു കുക്കി വിഭാഗക്കാർ ആരോപിച്ചു. വസ്ത്രങ്ങളല്ലാതെ മറ്റൊന്നും എടുക്കാൻ പോലും സമയം തന്നില്ലെന്നും നിർബന്ധിച്ച് വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകുകയായിരുന്നെന്നും അവർ ആരോപിച്ചു. സൈനികരാണ് ഒഴിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമാണെന്ന് പറഞ്ഞെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |