കൊച്ചി: റൈറ്റ്സ് ഓഫ് പഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് നടപ്പിലാക്കുന്നതിൽ ഫലപ്രദമായി ഇടപെടൽ നടത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കേരള ഘടകത്തിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു. ആർ.പി.ഡബ്യു.ഡി ആക്ട് നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടിംഗിനുള്ള മാദ്ധ്യമ അവാർഡിന് കേരളകൗമുദി കോട്ടയം യൂണിറ്റിലെ റിപ്പോർട്ടർ രാകേഷ് കൃഷ്ണ (പതിനായിരം രൂപ, പ്രശസ്തി പത്രം, ഫലകം) അർഹനായി. മൂലവട്ടം ഇഞ്ചക്കിടങ്ങിൽ വീട്ടിൽ ഇ.എൻ രാധാകൃഷ്ണൻ, ശശികല ദമ്പതികളുടെ മകനാണ്. ഭാര്യ അശ്വതി, മകൾ അധിരത ആർ.കൃഷ്ണ. 2008 ൽ കേരളകൗമുദിയിലൂടെയാണ് രാകേഷ് മാദ്ധ്യമ പ്രവർത്തനം ആരംഭിച്ചത്.
ആർ.പി.ഡബ്‌ള്യു.ഡി ആക്ട് ഫലപ്രദമായി നടപ്പിലാക്കിയ ആശുപത്രിയായി കോട്ടയം ജില്ലാ ജനറൽ ആശുപത്രിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ക്ലിനിക്കൽ സൈക്കോളജി സ്പെഷ്യാലിറ്റിയിലെ ബെസ്റ്റ് ഇംപ്ലിമന്റിങ് ഓഫീസർ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സാനി വർഗീസ് ആണ്. പദ്ധതി നടപ്പിലാക്കുന്നതിൽ ഫലപ്രദമായി ഇടപെടൽ നടത്തുകയും പിൻതുണ നൽകുകയും ചെയ്ത സംഘടനയ്ക്കുള്ള പുരസ്‌കാരത്തിന് കേരള റീജിയൻ അംഗങ്ങൾ അർഹരായി.
അമൃത മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രഫസറും ക്ലിനിക്കൽ സൈക്കോളജി വിഭാഗം മേധാവിയുമായ ഡോ.ഗീതാഞ്ജലി നടരാജൻ അസോസിയേഷൻ അംഗങ്ങൾക്കു വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങും. ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളിസ്റ്റ് കേരള ഘടകം അമൃത മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അക്രഡിറ്റഡ് ദേശീയ കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ കേരള സ്റ്റേറ്റ് ഡിസെബിലിറ്റി കമ്മിഷണർ ഡോ.ജി.ഹരികുമാർ പുരസ്‌കാരങ്ങൾ സമ്മാനിക്കും.
ദേശീയ കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ട ആറു മേഖലയിലെ ഗവേഷണ പ്രബന്ധങ്ങളിൽ നിന്നും മികച്ചവയ്ക്കുള്ള അവാർഡ് മുഖ്യാതിഥിയായ കേരള പബ്ലിക്ക് സർവീസ് കമ്മിഷൺ അംഗം ഡോ.ജിനു സഖറിയ ഉമ്മൻ സമ്മാനിക്കും. ക്ലിനിക്കൽ സൈക്കോളജി മേഖലയുടെ വളർച്ചയ്ക്ക് നൽകിയ ഉജ്വല സംഭാവനകളെ മുൻ നിർത്തി അമൃത മെഡിക്കൽ കോളേജിനുള്ള പുരസ്‌കാരം അമൃത മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.പ്രേം നായർ ഏറ്റുവാങ്ങും. 2019 ജൂലായ് 14 ന് കൊച്ചി അമൃത മെഡിക്കൽ കോളേജിൽ രാവിലെ 11 മണി മുതൽ ഒരു മണി വരെ നടക്കുന്ന ദേശീയ കോൺഫറൻസിലാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |