കോഴിക്കോട്: കൊയിലാണ്ടി സ്വദേശിനിയുടെ ഗവേഷണ പ്രബന്ധം ലോകപ്രശസ്തമായ നേച്ചർ ജേർണലിൽ. കേരള കേന്ദ്ര സർവകലാശാലയിലെ എഡ്യുക്കേഷൻ വിഭാഗത്തിലെ ഫിസിക്‌സ് അസി. പ്രൊഫസർ ഡോ. മഞ്ജു പെരുമ്പിലിന്റെ അതിസൂക്ഷ്മമായ ക്വാണ്ടം സെൻസറിനെക്കുറിച്ചുള്ള പഠനമാണ് പ്രസിദ്ധീകരിച്ചത്.
ബഹിരാകാശത്ത് അനുഭവപ്പെടുന്ന ഏറ്റവും ചെറിയ ചലനവ്യതിയാനം കണ്ടെത്തൽ നടത്തിയിരിക്കുന്ന ഈ ഗവേഷണത്തിൽ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലെയും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകർക്കൊപ്പമാണ് മഞ്ജുവും ചേർന്നത്. ദ്രവ്യത്തിന്റെ അഞ്ചാമത്തെ രൂപം ഉപയോഗിച്ചുള്ള സെൻസറുകളെപ്പറ്റി പഠിക്കുന്ന അന്തർദ്ദേശീയ ഗവേഷക സംഘാംഗവുമാണ്. ദുരന്തനിവാരണം, ധാതുപര്യവേഷണങ്ങൾ, ഭൂഗർഭജല നിരീക്ഷണം, ജലഗതാഗതം തുടങ്ങിയ മേഖലയ്ക്കും ഗവേഷണം സഹായകമാകും. ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലാണ് ഗവേഷണം പൂർത്തീകരിച്ചത്. സംസ്ഥാന സർക്കാരിന്റെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അർഹയായിട്ടുണ്ട്. പ്രബന്ധത്തിൽ ഇന്ത്യയുടെ സത്യേന്ദ്രനാഥ ബോസിന്റെ സിദ്ധാന്തത്തെയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായി മഞ്ജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |