ചിറ്റൂർ: കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിയിൽ എത്തുന്ന രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ സൗകര്യപ്രദമാകുമായിരുന്ന കാന്റീൻ കെട്ടിടം പ്രവർത്തിക്കാതെ നോക്കുകുത്തിയാകുന്നു. എട്ടു വർഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ചതാണ് കെട്ടിടം. ദിവസേന 300 ഓളം പേർ ഇവിടെ ചികിത്സക്കായി എത്തുന്നുണ്ട്. സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നിവരുടെ വാർഡിലും പേവാർഡിലുമായി കിടപ്പുരോഗികളും സഹായികളുമായി നിരവധി പേരാണ് ഇവിടെയുള്ളത്.
ഇവർക്കാവശ്യമായ ചായ, കാപ്പി, ചൂടുവെള്ളം, മറ്റ് ആഹാരസാധനങ്ങൾ എന്നിവ ആശുപത്രിക്കകത്ത് ലഭിക്കാനുള്ള ഒരു സംവിധാനവുമില്ല. നിലവിൽ രോഗികൾ ഉൾപ്പെടെയുള്ളവർ ആശുപത്രിക്കു മുന്നിലെ ദേശീയപാത കടന്നുപോയാണ് സാധനങ്ങൾ വാങ്ങിക്കുന്നത്. തിരക്കേറിയ ദേശീയപാത മുറിച്ചു കടക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. കാന്റീൻ നടത്തിപ്പിനു വേണ്ടി കുടുംബശ്രീ അംഗങ്ങളിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് മുമ്പ് അപേക്ഷ സ്വീകരിച്ചെങ്കിലും വർഷങ്ങളായി ഒരു നടപടിയും ഉണ്ടായിട്ടില്ല.
ബന്ധപ്പെട്ട അധികൃതരാരും ഇക്കാര്യത്തിൽ യാതൊരു താല്പര്യവും കാണിക്കുന്നില്ലെന്ന് രോഗികൾ പറഞ്ഞു. ഭിന്നശേഷിക്കാർ മിൽമ ബൂത്തിനു നിന്നും വേണ്ടി അപേക്ഷ നൽകിയിരുന്നു. ഇതിനും അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. ആശുപത്രി വികസന ഉപദേശക സമിതിയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തിയിട്ടില്ല.
സ്ഥലം എം.എൽ.എയുടെ ഇടപെടൽമൂലം കഴിഞ്ഞവർഷം ആരോഗ്യവകുപ്പ് മന്ത്രിയാണ് പുതിയ ഒ.പി വാർഡ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. അന്ന് ഉണ്ടായിരുന്ന ഡോക്ടർമാരുടെ കുറവ് പിന്നീട് പരിഹരിച്ചു. തുടർന്ന് ആശുപത്രിയിലെ തിരക്കും വർദ്ധിച്ചു. ഇതോടെ കാന്റീനിന്റെ ആവശ്യകതയും ഏറിയിരിക്കുകയാണ്. കാന്റീൻ പ്രവർത്തനത്തിന് ആവശ്യമായ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |