കോട്ടയം: പുതുപ്പള്ളിയിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പോളിംഗ് അമ്പത് ശതമാനം പിന്നിട്ടു. രണ്ട് മണിവരെ 53.5 ശതമാനമാണ് പോളിംഗ്. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. പോളിംഗ് എൺപത് ശതമാനം കടക്കുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.
യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും, എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്‌ക് സി തോമസും രാവിലെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പുതുപ്പള്ളി ജോർജിയൻ സ്‌കൂളിലെ ബൂത്തിലെത്തിയാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്തത്. മണർകാട് എൽ പി സ്‌കൂളിലായിരുന്നു ജെയ്‌ക്കിന്റെ വോട്ട്. എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാലിന് മണ്ഡലത്തിൽ വോട്ടില്ല. കുടുംബത്തിനൊപ്പമെത്തിയാണ് മന്ത്രി വാസവൻ വോട്ട് ചെയ്‌തത്.
പുതുപ്പള്ളി മണ്ഡലത്തിലെ മികച്ച പോളിംഗ് ജെയ്ക് സി തോമസിന് വിജയ പ്രതീക്ഷ നൽകുന്നതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരത്തെ പ്രതികരിച്ചിരുന്നു. ഈസി വാക്കോവറാണ് യു ഡി എഫ് പ്രതീക്ഷിച്ചത്. എന്നാൽ വികസനം ചർച്ചയായതോടെ സാഹചര്യം മാറിയെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകിട്ട് ആറ് മണിവരെയാണ് പോളിംഗ്. എട്ടു പഞ്ചായത്തുകളിലായി 182 ബൂത്തുകളുണ്ട്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും, ആം ആദ്മി പ്രതിനിധിയും, മൂന്ന് സ്വതന്ത്രരുമുൾപ്പെടെ ഏഴ് പേരാണ് മത്സരിക്കുന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |