കണ്ണൂർ : പുതുപ്പള്ളിയിൽ എൽ.ഡി.എഫ് പ്രതീക്ഷിക്കാത്ത വിജയമാണ് യു.ഡി.എഫിനുണ്ടായതെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. എന്തു കൊണ്ട് അങ്ങനെയുണ്ടായി എന്ന് പരിശോധിച്ച് ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കും. ഉമ്മൻചാണ്ടിയുടെ മരണവും ദുഃഖകരമായ അവസ്ഥയും ഉപയോഗപ്പെടുത്താനും യു.ഡി.എഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനും വളരെ വേഗം തന്നെ തിരഞ്ഞെടുപ്പ് നടത്താൻ ഇടപെടലുകൾ ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
ഭരണവിരുദ്ധ വികാരം ഉണ്ടാകേണ്ട യാതൊരു സാഹചര്യവും ഇന്ന് കേരളത്തിലില്ല. സാമ്പത്തിക പ്രശ്നമുണ്ടെന്നുള്ളത് ശരിയാണ്. കൃഷിക്കാർക്ക് സംഭരിച്ച നെല്ലിന്റെ പണം പൂർണമായും കൊടുത്തിട്ടില്ല. എങ്കിലും പരമാവധി സാമ്പത്തിക സമാഹരണം നടത്തി എല്ലാവർക്കും ഓണം ആഘോഷിക്കാനുള്ള അവസരം സർക്കാർ ഒരുക്കിയെന്നും ജയരാജൻ പറഞ്ഞു.
ജനപ്രതിനിധി മരിച്ച് 48 ദിവസത്തിനകം തിരഞ്ഞെടുപ്പ് പൂർത്തീകരിച്ച ചരിത്രം ഇന്ത്യയിൽ ഉണ്ടായിട്ടില്ല. സർക്കാരിനോട് പോലും പ്രാഥമികമായ ചർച്ച നടത്താതെയാണ് കമ്മിഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും ഇ.പി. ജയരാജൻ കുറ്റപ്പെടുത്തി. ഇവന്റ് മാനേജ്‌മെന്റ് ഉപയോഗിച്ച് ഉമ്മൻചാണ്ടിയുടെ മരണത്തെതുടർന്നുള്ള സഹതാപം ഉണ്ടാക്കാനും നിലനിറുത്താനും ആസൂത്രിതമായ നടപടിയുണ്ടായി. സ്ഥാനാർത്ഥി നിർണയം മരണപ്പെട്ട ആളുകളുടെ കുടുംബത്തെ ഏൽപ്പിക്കുക എന്ന ദൗത്യം നിർവഹിച്ചതു തന്നെ സഹതാപ തരംഗത്തിൽ കടന്നുകയറാനുള്ള തന്ത്രത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |