തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തക സമിതി തിരഞ്ഞെടുപ്പിൽ മാനസിക സംഘർഷമുണ്ടായെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില പൊരുത്തക്കേടുകൾ തോന്നിയെന്നും വിഷമമുണ്ടായി എന്നത് സത്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവ് പദവിയാണ് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചത്. ഇതേ തുടർന്നാണ് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. 'പ്രവർത്തക സമിതി തിരഞ്ഞെടുപ്പിൽ മാനസിക സംഘർഷമുണ്ടായി. തിരഞ്ഞെടുപ്പിൽ ചില പൊരുത്തക്കേടുകൾ തോന്നി. തനിക്ക് വിഷമമുണ്ടായി എന്നത് സത്യമാണ്'- രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് പാർട്ടിയിൽ പദവികളൊന്നുമില്ല. എന്നിട്ടും സർക്കാരിനെതിരെയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ഒരു പദവിയും തനിക്ക് ലഭിച്ചില്ലെങ്കിലും അവ തുടരും. തനിക്ക് പറയാനുള്ളത് ഹൈക്കമാൻഡിനെ അറിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഈ മാസം 16ന് ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവിന് വോട്ടവകാശമില്ല. 2004ലും ചെന്നിത്തല ക്ഷണിതാവായിരുന്നു. അതിന് ശേഷം കേരളത്തിൽ. പിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി. വീണ്ടും സ്ഥിരം ക്ഷണിതാവാക്കിയത് തരം താഴ്ത്തലാണെന്നാണ് അദ്ദേഹത്തിന്റെ തോന്നൽ.
തനിക്ക് പറയാനുള്ളത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കുമെന്നാണ് അദ്ദേഹം നേരത്തെ അറിയിച്ചത്. പ്രവർത്തക സമിതി പുന:സംഘടനയ്ക്ക് ശേഷം എഐസിസി നേതൃത്വത്തിൽ നിന്നാരും ചെന്നിത്തലയെ ബന്ധപ്പെട്ടിട്ടില്ല. സംസ്ഥാനത്തെ ചില ഉന്നത നേതാക്കൾ അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ ,അസംതൃപ്തിയില്ലെന്ന മറുപടിയാണ് നൽകിയത്. മഹാരാഷ്ട്രയടക്കം മറ്റേതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയിൽ പോകാൻ ചെന്നിത്തലയ്ക്ക് താല്പര്യമില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ സജീവമാകാനാണ് താല്പര്യം.
പാർട്ടിയിൽ തന്നേക്കാൾ ജൂനിയറായ തരൂരും തന്റെ നേതൃത്വത്തിൽ സഹ ഭാരവാഹിയായി പ്രവർത്തിച്ച കെസി വേണുഗോപാലും ഇപ്പോൾ മുകളിലും, താൻ താഴെയും എന്നതാണ് ചെന്നിത്തലയെ വിഷമിപ്പിക്കുന്നത്. 2021ൽ പ്രതിപക്ഷനേതാവ് സ്ഥാനത്ത് നിന്ന് നീക്കിയതും അപമാനിക്കലായി വിലയിരുത്തിയ ചെന്നിത്തല അതിന് ശേഷം നിരന്തരം തഴയപ്പെടുന്നുവെന്ന വികാരവും അടുപ്പമുള്ളവരോട് പങ്കുവയ്ക്കുന്നുണ്ട്.
എഐസിസി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച ശശി തരൂരിനെ ഒഴിവാക്കിയാൽ അത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് പ്രവർത്തക സമിതിയിൽ തരൂരിനെ ഉൾപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |