കോഴിക്കോട്: നിപ വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ജില്ലയിൽ 2200 ഓളം പേർക്ക് പനി സ്ഥിരീകരിച്ചു. നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക കൂടി ചെയ്തതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്. പനി ബാധിച്ച പലരും ഭയപ്പെട്ട് ആശുപത്രിയിൽ പോവാതിരിക്കുന്ന സാഹചര്യവും ഉണ്ട്.
ഗവ. ബീച്ച് ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ്, താമരശ്ശേരി, വടകര തുടങ്ങിയ താലൂക്ക് ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ രോഗികളുടെ തിരക്ക് വർദ്ധിച്ചു. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്ന പനി ബാധിതരുടെ എണ്ണവും കൂടുതലാണ്. സർക്കാർ ആശുപത്രികളിൽ മരുന്നിന്റെ ലഭ്യതക്കുറവുണ്ട്.
ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി കേസുകളും ഉയരുന്നുണ്ട്. ചുമയും പനിയുമായി നിരവധി പേരാണ് ആശുപത്രികളിൽ എത്തുന്നത്. നിപയുടെ പശ്ചാത്തലത്തിൽ പനി വിട്ടുമാറാതെ നിൽക്കുകയോ പെട്ടെന്ന് അപസ്മരം, ശ്വാസതടസം, വിട്ടുമാറാത്ത ചുമ പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോൾ ഉടൻ തന്നെ പരശോധനയ്ക്ക് എത്തേണ്ടതാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറഞ്ഞു.
സ്വയം ചികിത്സ പാടില്ല. ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം മരുന്ന് കഴിക്കുക. കൈകൾ ഇടയ്ക്കിടെ ശുദ്ധമായ വെള്ളത്തിൽ കഴുകുക. തിളപ്പിച്ചാറിയ വെള്ളം മൂന്ന്, നാല് ലിറ്ററെങ്കിലും ദിവസേന കുടിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ഇടയ്ക്കിടക്ക് കണ്ണ്, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, മറ്റ് രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധക്കേണ്ടതുണ്ട്.
ഉറവിടം കണ്ടത്താൻ തീവ്രശ്രമം; പഴവർഗങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു
നിപയെ തുടർന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ട ആയഞ്ചേരി മംഗലാട് മമ്പിളിക്കുനി ഹാരിസിന്റെ വീട്ടിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ സാംക്രമിക രോഗ നിയന്ത്രണ കോഡനേറ്റർ ഡോ. ബിന്ദു, ഡോ. രജസി, ഡോ: കെ. വി. അമൃത, ഡോ. സാജൻ എന്നിവരടങ്ങുന്ന സംഘമാണ് മരണ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചത്. വീട്ടിൽ നിന്നും പരിസരത്ത് നിന്നുമായി വവ്വാലുകൾ കടിച്ച അടയ്ക്കകളും മറ്റു പഴവർഗങ്ങളും സംഘം ശേഖരിച്ചു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച കോൾ സെന്ററിൽ ഇതുവരെ 326 ഫോൺ കോളുകൾ ലഭിച്ചു. 311 പേർ വിവരങ്ങൾ അറിയാനും നാലുപേർ സ്വയം കേസ് റപ്പോർട്ട് ചെയ്യാനുമാണ് കോൾ സെന്ററുമായി ബന്ധപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |