ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണം 22ന് (കന്നി 5) ശിവഗിരിയിൽ നാമജപം, ഉപവാസം, മഹാസമാധി പ്രാർത്ഥന, അന്നദാനം എന്നിവയോടെ ആചരിക്കും. രാവിലെ 5ന് വിശേഷാൽപൂജ, ഹവനം, 7ന് ഡോ.ബി.സീരപാണിയുടെ പ്രഭാഷണം, 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്റി സജിചെറിയാൻ ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. മന്ത്റി വീണാജോർജ്ജ് മുഖ്യാതിഥിയായിരിക്കും. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോർഡംഗം സ്വാമി സൂക്ഷ്മാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ.വി.ജോയി എം.എൽ.എ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ചാണ്ടിഉമ്മൻ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം.ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാസുന്ദരേശൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് സമഗ്ര സംഭാവന നൽകിയ എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.എ.വി.അനൂപിനെ ആദരിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി സ്വാമി ബോധിതീർത്ഥ നന്ദിയും പറയും.
169-ാമത് ഗുരുദേവജയന്തി ഘോഷയാത്രയിൽ പങ്കെടുത്ത ഫ്ലോട്ടുകളുടെയും സ്വാകരണ അലങ്കാരങ്ങളുടെയും ജേതാക്കൾക്കുളള സമ്മാനവിതരണവും നടക്കും. 12ന് സ്വാമി സച്ചിദാനന്ദയുടെ പ്രഭാഷണം, 2ന് ശാരദാമഠത്തിൽ ഹോമയജ്ഞം, 3ന് ശാരദാമഠത്തിൽ നിന്നു വൈദികമഠം, ബോധാനന്ദസ്വാമി പീഠം വഴി മഹാസമാധി സന്നിധിയിലേക്ക് കലശപ്രദക്ഷിണയാത്ര, 3.30ന് മഹാസമാധിപൂജ, കലശാഭിഷേകം, സമൂഹപ്രാർത്ഥന, ഉപവാസയജ്ഞം സമാപനം. 4ന് മഹാപ്രസാദവിതരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |