
ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന മഹാപ്രശ്നോത്തരി(ക്വിസ് ) മത്സരത്തിൽ അഞ്ഞൂറിൽ അധികം മത്സരാർത്ഥികൾ പങ്കെടുത്തു. രാവിലെ 8 മുതൽ ആരംഭിച്ച മത്സരം വൈകിട്ട് 7 വരെ നീണ്ടുനിന്നു. പ്രായ ഭേദമന്യേ നടന്ന മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും നിരവധിപേർ പങ്കെടുത്തു. മൂന്ന് റൗണ്ടുകളിൽ നടന്ന മത്സരങ്ങളിൽ ഓരോ കടമ്പകളും കടന്ന് മൂന്നാം റൗണ്ട് വരെ എത്തിയ 13 പേരും സമ്മാനങ്ങൾ ഉറപ്പാക്കി. തിരുവനന്തപുരം ചെമ്പഴന്തി കാട്ടായിക്കോണം പുത്തൻവീട്ടിൽ സുസ്മിത.എസ്.ആർ ഒന്നാം സ്ഥാനവും(50,000 രൂപ), ആലുവ സ്വദേശിയായ രമ്യ സുനിൽ രണ്ടാം സ്ഥാനവും(40,000 രൂപ), വർക്കല സ്വദേശിയായ ആഷിക് കൃഷ്ണൻ മൂന്നാം സ്ഥാനവും(30,000 രൂപ) കരസ്ഥമാക്കി.
10,000 രൂപ വീതമുള്ള പ്രോത്സാഹന സമ്മാനത്തിന് മിതീഷ് കുമാർ.കെ(കാസർഗോഡ്),അനില എം.ആർ(എറണാകുളം),ലൈലാ സുകുമാരൻ(ആലുവ),ടി.യു.ലാലൻ(ആലുവ),ശ്രീലേഖ(തിരുവനന്തപുരം),ജയശ്രീ(ചേർത്തല),രാധ.സി.എസ്(കാട്ടായിക്കോണം),സുധാമോൾ.കെ.ജി(കോട്ടയം),ശാന്തകുമാർ.എസ്(ചിറയിൻകീഴ്),ദിലീപ് കുമാർ(ആലപ്പുഴ) എന്നിവർ അർഹരായി.
വിജയം കൊയ്ത് അമ്മായിഅമ്മയും മരുമകളും
മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രോത്സാഹനസമ്മാനവും തിരുവനന്തപുരം ചെമ്പഴന്തി കാട്ടായിക്കോണം പുത്തൻവീട്ടിൽ എത്തിക്കാനായതിന്റെ സന്തോഷത്തിലാണ് രാധമുരളീധരനും മരുമകൾ സുസ്മിതയും. സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറാണ് സുസ്മിത. സെക്രട്ടേറിയേറ്റിൽ ജോയിന്റ് സെക്രട്ടറിയായ സുസ്മിതയുടെ ഭർത്താവ് അനൂപ്.എം.ആറിന്റെ മാതാവ് 75 വയസ്സുള്ള രാധമുരളീധരൻ 10,000 രൂപയുടെ പ്രോത്സാഹന സമ്മാനവും നേടി. അമ്മായിഅമ്മയും മരുമകളും ആദ്യറൗണ്ട് മുതൽ മൂന്നാം റൗണ്ട് വരെ എല്ലാ ബന്ധങ്ങളും മറന്ന് വാശിയേറിയ മത്സരം കാഴ്ചവച്ചു. അദ്ധ്യാപകനായിരുന്ന മുരളിധരനാണ് രാധയുടെ ഭർത്താവ്. സുസ്മിതയും രാധയും നിരവധി സ്ഥലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് ഇതിന് മുൻപും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |