തിരുവനന്തപുരം: കരുവന്നൂരിലും മറ്റ് ബാങ്കുകളിലും നടന്ന കൊള്ളയിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിനായി തൃശൂർ ജില്ലാ കോൺഗ്രസ്, യു.ഡി.എഫ് കമ്മിറ്റികൾ നടത്തിവരുന്ന സമരം ശക്തിപ്പെടുത്തും.
500 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും സി.പി.എം ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്ക് പങ്കുണ്ടെന്നുമുള്ള വാർത്തകളാണ് വരുന്നത്. നിരപരാധികളെ കള്ളക്കേസിൽ കുടുക്കി പ്രധാനപ്പെട്ട നേതാക്കൾ രക്ഷപ്പെടുകയാണ്. സഹകരണ ബാങ്കുകൾക്ക് മേൽ അനാവശ്യ നിയന്ത്രണങ്ങളേർപ്പെടുത്താനുള്ള അവസരമാണ് സി.പി.എം ഒരുക്കിക്കൊടുത്തിരിക്കുന്നത്. ജനങ്ങളുടെ കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്. കരുവന്നൂരിലെ തട്ടിപ്പ് 2011ൽ സി.പി.എമ്മിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടും ഒതുക്കിത്തീർക്കുകയായിരുന്നു.
ഇ.ഡി തെറ്റായ എന്തെങ്കിലും ചെയ്താൽ നമുക്കൊന്നിച്ച് ചോദ്യം ചെയ്യാം. മോൻസൺ കേസിൽ സുധാകരനെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ സി.പി.എമ്മിന് വലിയ സന്തോഷമായിരുന്നല്ലോ. ഇപ്പോൾ അവരുടെ വീട്ടിൽ കയറിയപ്പോഴാണ് പ്രശ്നമായത്. നിരപരാധികളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ കൂടെ നിൽക്കാൻ ഞങ്ങളുണ്ടാകും.
നിയമസഭയിൽ കൃഷിമന്ത്രി പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്നതിന് തെളിവാണ് അമ്പലപ്പുഴയിലെ കർഷകന്റെ ആത്മഹത്യ. നെല്ല് സംഭരിച്ച് ഒരാഴ്ചയ്ക്കകം പണം നൽകുമെന്ന് പുരപ്പുറത്ത് കയറി പ്രഖ്യാപിച്ച സർക്കാർ നാല് മാസമായിട്ടും നൽകിയില്ല. മരിച്ച കർഷകന്റെ കുടുംബത്തിന്റെ മുഴുവൻ കടവും സർക്കാർ വീട്ടണം. കർഷക ആത്മഹത്യ ആവർത്തിക്കാതിരിക്കാനും നടപടികളെടുക്കണം.
മറ്റെല്ലാത്തിനും സർക്കാരിന് പണമുണ്ട്. കേരള ലോകമാഹാസഭയെന്ന് പറഞ്ഞ് മന്ത്രിമാരും ഉദ്യോഗസ്ഥരും സൗദി അറേബ്യയിലേക്ക് പോകുകയാണ്. ഇതിനൊക്കെയാണോ സർക്കാരിന്റെ മുൻഗണന. സ്കൂൾ ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ സ്വീകരിച്ചിരിക്കുന്ന അതേ അലംഭാവമാണ് കർഷകരോടുമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |