സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഒന്നര പതിറ്റാണ്ടിനുശേഷം നടക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 (സ്‌കൂൾ വിദ്യാഭ്യാസം) പ്രകാശനം ചെയ്യുകയാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിലും ഒരു ദശാബ്ദത്തിന് മുമ്പ് നടത്തിയ പരിഷ്‌കരണത്തിൽ കാലികമായ മാറ്റങ്ങൾ അനിവാര്യമായ സാഹചര്യത്തിലുമാണ് തീരുമാനം. സ്‌കൂൾ വിദ്യാഭ്യാസം, പ്രീസ്‌കൂൾ വിദ്യാഭ്യാസം, അദ്ധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ നാലു മേഖലകളിലാണ് സംസ്ഥാനം പാഠ്യപദ്ധതി വികസിപ്പിക്കുന്നത്. സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂടാണ് ഇന്ന് പ്രകാശനം ചെയ്യുന്നത്. മറ്റുള്ളവ ഒക്ടോബർ 9ന് പ്രകാശനം ചെയ്യും.
1997ലാണ് പഠനരീതിയിൽ സമഗ്രമായ മാറ്റം വരുത്തിയ പാഠ്യപദ്ധതി പരിഷ്‌കരണം കേരളത്തിൽ ആരംഭിച്ചത്. പരിസരബന്ധിത സമീപനം, പ്രശ്‌നോന്നിത സമീപനം, ബഹുമുഖ ബുദ്ധി, വിമർശനാത്മക ബോധനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയതായിരുന്നു 2007ലെ പാഠ്യപദ്ധതി. 2013ൽ ഉള്ളടക്കം, പഠനനേട്ടം എന്നിവയ്ക്ക് ഊന്നൽ നൽകി ഇത് പരിഷ്‌കരിച്ചു. പരിഷ്കരണം നിലവിൽ വരുന്നതോടെ അടുത്ത അദ്ധ്യയന വർഷം പുതിയ പാഠപുസ്തകങ്ങൾ 1, 3, 5, 7, 9 ക്ലാസുകളിൽ ലഭ്യമാകും.
സ്‌കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും തുല്യമായി ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഇനി ആവശ്യം.
നേട്ടങ്ങൾ നിലനിറുത്തുകയും പരിമിതികളെ മറികടക്കുകയും ഭാവിയിലെ ആവശ്യങ്ങളെ നിറവേറ്റുന്നതുമായ വിദ്യാഭ്യാസ സംവിധാനമാണ് ആഗ്രഹിക്കുന്നത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യം, മതനിരപേക്ഷത, സാമൂഹികനീതി, തുല്യത, ശാസ്ത്രാവബോധം എന്നിവയിലാണ് ഇതിന്റെ ലക്ഷ്യവും മാർഗവും അടിയുറച്ചിരിക്കേണ്ടത്. ഭാവി കേരളത്തെ മുന്നോട്ടുനയിക്കാൻ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് കഴിയുമെന്ന് കരുതുന്നു.
കുട്ടികളുടെ പ്രായത്തിനനുസരിച്ച് പ്രകടമാകുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ സവിശേഷതകളെ അംഗീകരിക്കേണ്ടതുണ്ട്. കുട്ടിയുടെ കഴിവുകളുടെ വികാസം ഉറപ്പുവരുത്തി ജനാധിപത്യത്തിലും കൂട്ടായ തീരുമാനങ്ങളിലും അധിഷ്ഠിതമായ പഠനരീതിയാവും പാഠ്യപദ്ധതി സ്വീകരിക്കുക. കലാ, കായിക വിദ്യാഭ്യാസങ്ങൾക്ക് കുട്ടികളുടെ വളർച്ചയിലും വികാസത്തിലുമുള്ള പരമപ്രാധാന്യത്തെ അംഗീകരിച്ചുകൊണ്ടാണ് പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുവേണ്ടി വിവിധ ഏജൻസികളുടെയും വകുപ്പുകളുടെയും ഏകോപിത പ്രവർത്തനം സാദ്ധ്യമാക്കും. പ്രാദേശിക ജനകീയ സംവിധാനങ്ങളുടെ പിന്തുണാരീതികൾ മെച്ചപ്പെടുത്തും. ജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും അവസരങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |