കൊച്ചി: ചുരുങ്ങിയകാലയളവിൽ യാത്രാ പ്രേമികളുടെ കൈയടിനേടിയ ആനവണ്ടി ടൂറിസം പാക്കേജുകളെ അടിമുടി തകർക്കാൻ പദ്ധതിയിട്ട് ഒരു വിഭാഗം ഉദ്യോഗസ്ഥർ. കെ.എസ്.ആർ.ടി.സിയുടെ വരുമാന വർദ്ധനവിൽ പങ്കുവഹിച്ച കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് ഉൾപ്പെടെ ടൂർ പാക്കേജുകൾ അവസാനിക്കുക, ട്രിപ്പുകൾ വെട്ടിച്ചുരുക്കുക. പ്രവർത്തന മികവുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുക തുടങ്ങി പദ്ധതിയുടെ അടിവേരറുക്കുന്ന നടപടികളാണ് നടക്കുന്നത്. ബഡ്‌ജറ്റ് ടൂറിസം സെല്ലിനെയും ടൂർ പരിപാടികളെയും തകർക്കാനാണ് നടപടികൾ. ഇതോടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ അഞ്ച് ജില്ലകൾ ഉൾപ്പെട്ട സെൻട്രൽ സോണിന്റെ പ്രവർത്തനം അവതാളത്തിലായി.
കൂത്താട്ടുകുളം ഡിപ്പോയിൽ നിന്നുള്ള ടൂർ അവസാനിപ്പിച്ചു. ഡിപ്പോയിലെ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടറും ടൂർ വിഭാഗവും തമ്മിലുള്ള തർക്കമാണ് കാരണം. ടൂർ വിഭാഗം ഉദ്യോഗസ്ഥരും മറ്റ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കങ്ങളും അഭിപ്രായ വത്യാസങ്ങളും പതിവായതോടെ മറ്റിടങ്ങളിലും ട്രിപ്പുകൾ വെട്ടിക്കുറയ്ക്കുകയാണ്. നോർത്ത് സോണിലും ട്രിപ്പുകൾ വാരാന്ത്യങ്ങളിലേക്ക് മാത്രമാക്കി ചുരുക്കി.
ബഡ്ജറ്റ് ടൂർ കൃത്യമായി നടപ്പാക്കാൻ അനുവദിക്കുന്നില്ലെന്നും ടൂറിസം സെല്ലിലെ കോ-ഓർഡിനേറ്റർമാരുടെ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ ക്ലസ്റ്റർ ഓഫീസർ ആർ. മനേഷിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ ബഡ്ജറ്റ് ടൂറിന്റെ എറണാകുളം ജില്ലയിലെ ചുമതലക്കാരനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.
കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ സെൻട്രൽ സോണിൽ ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന മൂന്നാമത്തെ ഡിപ്പോയാണ് കൂത്താട്ടുകുളം. കോതമംഗലവും ചാലക്കുടിയുമാണ് മുന്നിൽ. ചതുരംഗപ്പാറ, വയനാട്, ഗവി, ആറന്മുള വള്ളസദ്യ എന്നിവിടങ്ങളിലേക്കായിരുന്നു കൂത്താട്ടുകുളത്തു നിന്ന് ട്രിപ്പുകൾ.
ബഡ്ജറ്റ് ടൂർ
2021ലാണ് കെ.എസ്.ആർ.ടി.സി ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കൽ ലക്ഷ്യമിട്ട് വിനോദ യാത്രകൾ തുടങ്ങിയത്. വാരാന്ത്യങ്ങളിലാണ് പ്രധാനമായും യാത്രകൾ. കൊച്ചിയിലെ നെഫർടിറ്റി കപ്പലിലേക്ക് യാത്രക്കാരെ എത്തിച്ചുള്ള വിനോദയാത്ര വൻ വിജയമാണ്. മൂന്നാർ, വയനാട്, നെല്ലിയാമ്പതി, മൺറോതുരുത്ത്, കുമരകം, പൊൻമുടി, ഗവി എന്നിവയാണ് പ്രധാന കേന്ദ്രങ്ങൾ. രണ്ടാം ഘട്ടത്തിൽ കർണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കും അന്തർസംസ്ഥാന യാത്രയും പ്‌ളാൻ ചെയ്യുന്നുണ്ട്.
ബഡ്ജറ്റ് ടൂറിസം ആരംഭിച്ചത് - 2021 നവംബർ
നിലവിലെ ട്രിപ്പുകൾ - 550 +
സ്ഥലങ്ങൾ - 100 +
വരുമാനം - 10 കോടി +
ഇതുവരെ യാത്രക്കാർ - രണ്ടു ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |