കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടയിൽ റവന്യൂ വിഭാഗം സീനിയർ ക്ളാർക്ക് വിജിലൻസിന്റെ പിടിയിലായി. കൊച്ചി കോർപ്പറേഷനിലെ ഉദ്യോഗസ്ഥനായ സുമിൻ ആണ് പിടിയിലായത്. വൈറ്റില സോണൽ ഓഫീസിൽവച്ച് 2000 രൂപ കൈക്കൂലിയായി കൈപ്പറ്റുന്നതിന് ഇടയിലായിരുന്നു വിജിലൻസിന്റെ ഓപ്പറേഷൻ.
മിമിക്രി കലാകാരൻമാരുടെ സംഘടനയുടെ ഓഫീസിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റിനായാണ് സുമിൻ കൈക്കൂലി ആവശ്യപ്പെട്ടത്. ഓഫീസ് പ്രവർത്തനമാരംഭിക്കുന്നത് സംബന്ധിച്ച അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ ഇയാൾ 900 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നു. സർട്ടിഫിക്കറ്റ് ലഭ്യമാക്കാനായി തുടർന്നും പണം ആവശ്യപ്പെട്ടതോടെയാണ് മിമിക്രി അസോസിയേഷൻ ഭാരവാഹികൾ വിജിലൻസിനെ സമീപിച്ചത്.
തുടർന്ന് സുമിൻ കൈക്കൂലിയായി ആവശ്യപ്പെട്ടത് പ്രകാരമുള്ള 2,000 രൂപ വിജിലൻസ് പരാതിക്കാർക്ക് കൈമാറി. ഇവർ വ്യാഴാഴ്ച്ച ഓഫീസിലെത്തി ഉദ്യോഗസ്ഥന് തുക കൈമാറുകയും ചെയ്തു. പിന്നാലെ തന്നെ വിജിലൻസ് സംഘം സ്ഥലത്തെത്തി സുമിനെ പിടികൂടുകയായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ടപാടെ സുമിൻ കൈക്കൂലി ചെരുപ്പിനുള്ളിൽ ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇയാൾ സ്ഥിരം കൈക്കൂലിക്കാരനാണെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. പ്രതിയുടെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |