തിരുവനന്തപുരം: പഞ്ചായത്ത്,മുനിസിപ്പൽ,കോർപ്പറേഷൻ ഏകീകരണം നടപ്പായിട്ടും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി,മുനിസിപ്പൽ സെക്രട്ടറി,ബി.ഡി.ഒ. തസ്തികകളിലെ നിയമനനടപടികൾ ആരംഭിക്കുന്നില്ല. ഗ്രാമപഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്ക് 2010ലാണ് ഒടുവിൽ പരീക്ഷ നടന്നത്. ബി.ഡി.ഒ/മുനിസിപ്പൽ സെക്രട്ടറി തസ്തികകളിലേക്ക് 2015ലായിരുന്നു പരീക്ഷ. ഇതിന് ശേഷം വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇതുവരെയും നടപടിയായിട്ടില്ല. മൂന്ന് തസ്തികകളിലെയും റാങ്ക് ലിസ്റ്റ് റദ്ദാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ ഉദ്യോഗാർത്ഥികൾ പ്രതിഷേധത്തിലാണ്.
തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിന്റെ പേരിലായിരുന്നു ഇതുവരെ വിജ്ഞാപനം വൈകിയത്. ഏകീകരണം നടപ്പാകുകയും പ്രവർത്തനങ്ങൾ തുടർന്ന് കഴിഞ്ഞിട്ടും ഉയർന്ന തസ്തികകളിലേക്കുള്ള ഒഴിവുകൾ അറിയിക്കാൻ വകുപ്പ് അധികൃതർ തയ്യാറായിട്ടില്ല. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ (ബി.ഡി.ഒ)റുടെ പേര് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെന്നാണ് ഏകീകരണത്തിന് ശേഷം മാറ്റിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും മുനിസിപ്പൽ സെക്രട്ടറിക്കും പേരിൽ മാറ്റമില്ല. നിലവിൽ പലയിടത്തും സ്ഥാപനാധികാരി തസ്തികയിൽ ആളില്ലാത്ത അവസ്ഥയാണ്.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി,മുനിസിപ്പൽ സെക്രട്ടറി,ബി.ഡി.ഒ. തസ്തികകളിലേക്ക് മുൻപ് വെവേറെയായിരുന്നു പരീക്ഷയും വിജ്ഞാപനവും.ബിരുദം യോഗ്യതയുള്ളതാണ് മൂന്ന് തസ്തികകളുമെന്നതിനാൽ വകുപ്പുകളുടെ ഏകീകരണത്തോടെ ഇവയ്‌ക്കെല്ലാമായി ഒറ്റ വിജ്ഞാപനവും പരീക്ഷയും നടത്തിയാൽ മതിയാകും.വിജ്ഞാപനം പ്രസിദ്ധീകരിച്ചാൽ പൊതു പ്രാഥമിക പരീക്ഷയും അതിനുശേഷം മുഖ്യപരീക്ഷയും നടത്തണം.നടപടികൾ പൂർത്തീകരിക്കാൻ ഒരുവർഷത്തിലേറെ സമയമെടുക്കും. ഡിസംബറിനകം വിജ്ഞാപനം വന്നില്ലെങ്കിൽ ഇക്കൊല്ലം പ്രായപരിധി പിന്നിടുന്നവർക്ക് പരീക്ഷ എഴുതാനുമാകില്ല. ഓരോ വർഷവും പ്രായപരിധി പിന്നിട്ട് ആയിരക്കണക്കിനുപേരാണ് പരീക്ഷ എഴുതാൻ കഴിയാതെ പുറത്തായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |