തിരുവനന്തപുരം: സിപിഎം നടത്തുന്ന ജനസമ്പർക്ക പരിപാടിയെക്കുറിച്ച് പരിഹാസവുമായി കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ. ഉമ്മൻചാണ്ടി ജനങ്ങളോടുള്ള സ്‌നേഹം കൊണ്ട് 18ഉം 20ഉം മണിക്കൂറോളം ഉണ്ണാതെ, ഉറങ്ങാതെ ജനങ്ങൾക്കിടയിൽ ജനസമ്പർക്ക പരിപാടി നടത്തിയത് അവരോടുള്ള അഗാധമായ സ്‌നേഹവും കരുതലുംകൊണ്ടായിരുന്നു. ഇത്തരത്തിൽ പരിപാടി നടത്താൻ മുഖ്യമന്ത്രിയെ സുധാകരൻ വെല്ലുവിളിക്കുകയും ചെയ്‌തു. 'ഉമ്മൻചാണ്ടി നടത്തിയിരുന്ന ജനസമ്പർക്ക പരിപാടിയെ ആക്ഷേപിക്കുകയും അതിൽ പങ്കെടുത്തവരെ കായികമായി ആക്രമിക്കുകയും ചെയ്‌ത സിപിഎം ഇപ്പോൾ അതേ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ജനസമ്പർക്ക പരിപാടിയ്‌ക്ക് ഐക്യരാഷ്‌ട്ര സംഘടനയുടെ അവാർഡ് നേടി തിരിച്ചെത്തിയ രാജ്യത്തെ ഏക മുഖ്യമന്ത്രിയെ സി പി എം കരിങ്കല്ലും പ്ളക്കാർഡുമായാണ് സ്വീകരിച്ചത്." പല ജില്ലകളിലും ജനങ്ങളെ സിപിഎം തല്ലിയോടിച്ചു. കനത്ത പൊലീസ് ബന്ദവസിലാണ് അന്ന് പരിപാടി നടന്നതെന്നും കെ.സുധാകരൻ പറഞ്ഞു,
വില്ലേജ് ഓഫീസർ ചെയ്യേണ്ട പണിയാണെന്നുപറഞ്ഞു പരത്തിയ സിപിഎം ഇപ്പോൾ പ്രമുഖരുമായി കൂടിക്കാഴ്‌ച, ഭക്ഷണം എന്നിവയൊക്കെ ചേർന്ന് പഞ്ചനക്ഷത്ര പരിപാടിയായാണ് ജനസമ്പർക്കം നടത്തുന്നതെന്നും ഇത് പാർട്ടിക്കാർക്ക് പരമാവധി പിരിവ്‌നടത്താനുള്ള അവസരം നൽകിയെന്നും കെ.സുധാകരൻ പറഞ്ഞു. 2016ൽ പിണറായി വിജയൻ അധികാരമേറ്റപ്പോൾ ജനസമ്പർക്ക പരിപാടി വഴി ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച ആയിരക്കണക്കിനുള്ള ധനസഹായങ്ങൾ നിഷേധിച്ചെന്നും സുധാകരൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |