തിരുവനന്തപുരം: സുരേഷ് ഗോപി തൃശ്ശൂരിൽ നിന്ന് മത്സരിക്കുന്നതിന് മുന്നോടിയായാണ് കരുവന്നൂർ സഹകരണ ബാങ്കിലെ ഇ ഡി നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൃശ്ശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാനുള്ള തന്ത്രം ഇതിലൂടെ നടക്കുന്നുണ്ട്. ഇ ഡിയെ ഉപയോഗിച്ച് ജില്ലയിലെ സിപിഎമ്മിനെ തകർക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ അനുകൂലിക്കുന്നില്ല. തെറ്റായ പ്രവണതയെ പൂഴ്ത്തിവയ്ക്കാനോ ന്യായീകരിക്കാനോ ഇല്ലെന്നും അദ്ദേഹം തുടർന്നു. തെറ്റ് തിരുത്തി മുന്നോട്ട് പോകണം. അതിനാവശ്യമായ നിലപാടുകൾ എടുക്കണം എം വി ഗോവിന്ദൻ പറഞ്ഞു. കൂടാതെ സുരേഷ് ഗോപിയെ തൃശ്ശൂരിൽ ജയിപ്പിക്കുന്നതിനായുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് ഇ ഡി ബലപ്രയോഗത്തിലൂടെയുള്ള ചോദ്യം ചെയ്യലിലേക്ക് കടന്നതെന്നും സിപിഎം നേതാവ് ആരോപിച്ചു. ഇ ഡിയുടെ അജണ്ടയ്ക്ക് അനുസരിച്ചാണ് മാദ്ധ്യമങ്ങളുടെ പ്രവർത്തനം. കരുവന്നൂർ സഹകരണ ബാങ്കിലേത് സിപിഎം കൊള്ളയെന്ന് വരുത്തിതീർക്കാനുള്ള നീക്കത്തെ തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരൻ രംഗത്തെത്തിയിരുന്നു. അന്വേഷണത്തെ കേന്ദ്രത്തിന്റെ വേട്ട എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തെയും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയുടെ ആരോപണം മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്നും മുരളീധരൻ പറഞ്ഞു.
സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത് സാധാരണ ജനങ്ങളാണെന്നും അവരുടെ പണം കൊളളയടിച്ച മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അതിനെ ന്യായീകരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. 150 കോടി ചെറിയ തുകയാണ് എന്നാണ് ഒരു മന്ത്രിയുടെ വാദം. സാധാരണക്കാർ തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾക്കുവേണ്ടി മാറ്റിവച്ചിരുന്ന പണമാണ് സർക്കാർ കൊളളയടിച്ചത്. അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |