കാനഡയിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ അടുത്തകാലത്തായി വൻ വർദ്ധനയാണുള്ളത്. ഈ വർഷം 2.6 ലക്ഷത്തോളം വിദ്യാർത്ഥികൾ അണ്ടർ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ്, ഡോക്ടറൽ, ഇമിഗ്രേഷൻ പ്രോഗ്രാമിനായി കാനഡയിലെത്തിയിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞ് അണ്ടർ ഗ്രാജുവേറ്റ് പഠനത്തിന് വിദേശത്തു പോകുന്ന വിദ്യാർത്ഥികളിൽ 80 ശതമാനവും കാനഡയിലെത്തുന്നു. വർദ്ധിച്ചു വരുന്ന ജീവിതച്ചെലവും താമസ സൗകര്യത്തിനുള്ള പരിമിതികളും കാനഡയിലുണ്ട്. പോസ്റ്റ് സ്റ്റഡി വർക്ക് വിസ, തൊഴിൽ വിസ എന്നിവയിൽ നിയന്ത്രണങ്ങളുമുണ്ട്. എന്നാൽ ആഗോള തലത്തിൽ തൊഴിലില്ലായ്മ കുറഞ്ഞ രാജ്യമെന്ന രീതിയിൽ കാനഡയ്ക്ക് പ്രസക്തിയുണ്ട്.
അതേസമയം, ഇപ്പോൾ കാനഡയും ഇന്ത്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുമ്പോൾ ഉപരിപഠനത്തിനും തൊഴിലിനുമായി പോകാൻ തയ്യാറെടുക്കുന്നവർ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയ്‌ക്കെതിരായ പ്രതിഷേധം നിലനിൽക്കുന്ന സ്ഥലങ്ങളിൽ പോകരുത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിഷേധം കൂടുതലായി നിലനിൽക്കുന്ന ബ്രിട്ടീഷ് കൊളംബിയ, ടൊറോന്റോ സർവകലാശാല ഉൾപ്പെടുന്ന പ്രദേശത്താണ് കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളുമെത്തുന്നത്. 2023 ൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് 2024 വിന്റർ സെമസ്റ്ററിലേക്ക് പ്രവേശനം നീട്ടിവയ്ക്കാം. അഡ്മിഷൻ ലഭിച്ചാൽ ഓഫർ ലെറ്ററിന് ഒരുവർഷത്തോളം കാലാവധിയുണ്ട്. പ്രവേശനം നീട്ടിവയ്ക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സർവകലാശാലയെ ഇ മെയിൽ വഴി വിവരം അറിയിക്കണം. അപ്ലൈബോർഡ് വഴിയാണ് അഡ്മിഷൻ ലഭിച്ചതെങ്കിൽ അവരെയും അറിയിക്കണം.
കാനഡ ഇമിഗ്രേഷന് ശ്രമിക്കുന്നവരും കാനഡയിലെത്തുന്ന തീയതി മുൻകൂട്ടി അറിയിക്കണം. കാനഡയിലെ ഇന്ത്യൻ എംബസി താത്കാലികമായി അടച്ചതിനാൽ പ്രശ്‌നങ്ങളിൽ തീരുമാനമാകും വരെ കാത്തിരിക്കുന്നതാണ് നല്ലത്. വിസ നടപടികൾ നിറുത്തിവച്ചതിനാൽ വിസ ഇന്റർവ്യൂ/സബ്മിഷനു പുതുക്കിയ തീയതി എടുക്കേണ്ടിവരും.
ഇപ്പോഴുള്ള കാനഡ- ഇന്ത്യ ആഭ്യന്തര പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം. അതിനാൽ ഉപരിപഠനത്തിനായി കാനഡ താത്പര്യപ്പെടുന്ന വിദ്യാർത്ഥികൾ അല്പം കാത്തിരുന്ന് സുരക്ഷിതമായ ഉപരിപഠനം ഉറപ്പുവരുത്താനാണ് ശ്രമിക്കേണ്ടത്. ഇപ്പോൾ കാനഡയിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ സ്ഥിതിഗതികൾ വിലയിരുത്തി യാത്രകൾ കുറയ്ക്കാനും കൂടിച്ചേരലുകൾ ഒഴിവാക്കാനും ശ്രദ്ധിക്കണം.
2. നീറ്റ് മെഡിക്കൽ/ ഡെന്റൽ പി.ജി പ്രവേശനം
നീറ്റ് മെഡിക്കൽ/ഡെന്റൽ പി.ജി പ്രവേശന യോഗ്യത കുറച്ചതിനാൽ വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷനായി എം.സി.സി, വിവിധ സംസ്ഥാന കൗൺസിലിംഗ് അതോറിറ്റികൾ എന്നിവിടങ്ങളിൽ അവസരങ്ങളുണ്ട്. ഓൺലൈനായി രജിസ്റ്റർ ചെയ്യാം. നീറ്റ് മാർക്കും റാങ്കും വിലയിരുത്തിയാണ് പ്രവേശനം. നിലവിലുള്ള പി.ജി സീറ്റുകൾ നികത്തുകയാണ് ലക്ഷ്യം. വെബ്സൈറ്റ് www.mcc.nic.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |