തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിൽ പ്രതികളായ രണ്ട് പേരും യൂണിയൻ ഭാരവാഹിയായിരുന്ന മറ്റൊരാളും നാലാം പൊലീസ് ബറ്റാലിയനിലേക്കുള്ള റിക്രൂട്ട്മെന്റിൽ ആദ്യ റാങ്കുകളിൽ ഇടംപിടിച്ച സംഭവത്തിൽ വിശദീകരണവുമായി പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ രംഗത്തെത്തി. ആരോപണ വിധേയരായ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവർ തങ്ങളുടെ അപേക്ഷ സമർപ്പിച്ചപ്പോൾ തന്നെ തിരുവനന്തപുരം ജില്ലയിൽ പരീക്ഷാ കേന്ദ്രം വേണമെന്ന് കാണിച്ചിരുന്നു. മൂന്ന് പേരും തിരുവനന്തപുരത്തെ വ്യത്യസ്ഥ കേന്ദ്രങ്ങളിലാണ് പരീക്ഷ എഴുതിയത്. ഇവർക്ക് പരീക്ഷാകേന്ദ്രം അനുവദിക്കുന്ന കാര്യത്തിൽ ആനുകൂല്യം നൽകുകയോ പരീക്ഷ എഴുതാൻ സഹായിക്കുകയോ ചെയ്‌തിട്ടില്ല. പി.എസ്.സിയുടെ വിശ്വാസ്യത നശിപ്പിക്കുന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ സംശയ നിവാരണത്തിനായി അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.എസ്.സി ആഭ്യന്തര വിജിലൻസ് സംഘമാണ് അന്വേഷണം നടത്തുക. ഇവരുടെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പ്രസ്‌തുത ലിസ്‌റ്റിൽ നിന്നുള്ള നിയമനങ്ങൾ നിറുത്തിവച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ജില്ലയിലെ 16,540 ഉദ്യോഗാർത്ഥികൾ മറ്റ് ജില്ലകളിലെ പൊലീസ് ബറ്റാലിയനുകളിലേക്ക് അപേക്ഷിച്ചത്. ഇവർക്ക് സംസ്ഥാനത്തെ ഏത് ജില്ലയിൽ വേണമെങ്കിലും പരീക്ഷ സെന്റർ തിരഞ്ഞെടുക്കാവുന്നതാണ്. സെന്റർ അനുവദിക്കുന്ന കാര്യത്തിൽ ആർക്കും കൈകടത്താൻ കഴിയില്ല. ആരോപിക്കപ്പെടുന്ന അപേക്ഷകർ തങ്ങൾക്ക് നിശ്ചിത സെന്റർ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇവർ പരീക്ഷ എഴുതിയ സെന്ററുകളിൽ അസ്വാഭാവികമായി ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടുമില്ല. അതുകൊണ്ട് തന്നെ പരീക്ഷയിൽ ക്രമക്കേട് നടന്നതായുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സർക്കാർ വകുപ്പുകളിലേക്ക് നിയമന ശുപാർശ നൽകുന്ന ചുമതല മാത്രമാണ് പി.എസ്.എസിക്കുള്ളത്. നിയമന ശുപാർശ കൈപ്പറ്റി ഉദ്യോഗാർത്ഥിക്കെതിരെ ക്രിമിനൽ കേസുണ്ടോയെന്ന് പരിശോധിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |