ന്യൂഡൽഹി: ആലപ്പുഴ വഴിയുള്ള കാസർകോട്-തിരുവനന്തപുരം ട്രെയിൻ അടക്കം 9 വന്ദേഭാരത് എക്‌സ്‌പ്രസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി ഫ്ലാഗ് ഓഫ് ചെയ്തു. രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡിഷ, ഝാർഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ 11 സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണിവ. 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ എല്ലാ സംസ്ഥാനങ്ങളുടെയും അവിടത്തെ ജനങ്ങളുടെയും വികസനവും അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വന്ദേ ഭാരത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ദിവസം വിദൂരമല്ല. വന്ദേ ഭാരത് ബന്ധിപ്പിച്ച സ്ഥലങ്ങളിൽ വിനോദസഞ്ചാരവും സാമ്പത്തിക പ്രവർത്തനങ്ങളും വർദ്ധിച്ചെന്നും മോദി പറഞ്ഞു.
ഉദയ്പൂർ - ജയ്പൂർ, തിരുനെൽവേലി-മധുര-ചെന്നൈ, ഹൈദരാബാദ് - ബെംഗളൂരു, വിജയവാഡ - ചെന്നൈ (റെനിഗുണ്ട വഴി), പട്ന - ഹൗറ, റൂർക്കേല - ഭുവനേശ്വർ - പുരി, റാഞ്ചി - ഹൗറ, ജാംനഗർ-അഹമ്മദാബാദ് എന്നിവയാണ് ഇന്നലെ തുടങ്ങിയ മറ്റ് വന്ദേഭാരത് എക്‌സ്‌പ്രസുകൾ.
കേരളത്തിന് അനുവദിച്ച ട്രെയിനും റൂർക്കേല - ഭുവനേശ്വർ - പുരി വന്ദേഭാരത് എക്സ്‌പ്രസിനുമാണ് കൂടുതൽ വേഗതയുള്ളത്. ഇതേ റൂട്ടുകളിൽ ഓടുന്ന ട്രെയിനുകളെ അപേക്ഷിച്ച് മൂന്ന് മണിക്കൂർ വേഗത കൂടുതലാണ്. റൂർക്കേല-ഭുവനേശ്വർ - പുരി വന്ദേ ഭാരത് എക്സ് പ്രസും തിരുനെൽവേലി-മധുര-ചെന്നൈ വന്ദേ ഭാരത് എക്സ് പ്രസും പ്രധാന തീർത്ഥാടന നഗരങ്ങളായ പുരിയെയും മധുരയെയും ബന്ധിപ്പിക്കും. റെനിഗുണ്ട വഴി സർവീസ് നടത്തുന്ന വിജയവാഡ - ചെന്നൈ വന്ദേ ഭാരത് എക്സ് പ്രസും തിരുപ്പതി തീർത്ഥാടന കേന്ദ്രത്തിലേക്ക് കണക്റ്റിവിറ്റി നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |