തിരുവനന്തപുരം: ബഹിരാകാശ നേട്ടങ്ങളിലൂടെ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥിന്റെ മാസശമ്പളം രണ്ടരലക്ഷം രൂപ. എന്നാൽ, കേരളത്തിലെ രണ്ട് മുൻ ചീഫ് സെക്രട്ടറിമാർ പുനർനിയമനത്തിലൂടെ പെൻഷനടക്കം വാങ്ങുന്നത് മാസം അഞ്ച് ലക്ഷത്തോളം രൂപ.
മുൻ ചീഫ് സെക്രട്ടറിമാരായ ഡോ.വി.പി. ജോയി, ഡോ.കെ.എം.എബ്രഹാം എന്നിവർക്കാണ് വിരമിച്ചശേഷം പുനർനിയമനം നൽകിയത്. ജോയിയെ പബ്ലിക് എന്റർപ്രൈസസ് (സെലക്‌ഷനും റിക്രൂട്ട്‌മെന്റും) ബോർഡ് അദ്ധ്യക്ഷനായും എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായാണ് നിയമിച്ചത്. ചീഫ് സെക്രട്ടറി റാങ്കിലുള്ള അതേ ശമ്പളം പെൻഷനൊപ്പം വാങ്ങുന്നത് ചട്ടവിരുദ്ധമാണെന്നാണ് ആക്ഷേപം.
അഖിലേന്ത്യ ഉദ്യോഗസ്ഥരുടെ സർവീസ് ചട്ടത്തിലെ 4(2) വകുപ്പനുസരിച്ച് വിരമിച്ചവർ പുനർനിയമനകാലത്ത് പെൻഷൻ വാങ്ങാൻ പാടില്ല. സൈനികർക്ക് മാത്രമേ ഇളവുള്ളൂ. കേന്ദ്രചട്ടം മറികടക്കാൻ സംസ്ഥാന സർവീസ് ചട്ടമായ കെ.എസ്.ആറിൽ സർക്കാർ ഇളവു നൽകുകയായിരുന്നു. വിരമിച്ച ഉദ്യോഗസ്ഥർക്ക് പുനർനിയമനം നൽകുമ്പോൾ പെൻഷൻ കഴിച്ചുള്ള തുകയേ നൽകാറുള്ളൂ. ലോകായുക്തയിലും മനുഷ്യാവകാശ കമ്മിഷനിലുമടക്കം നിയമിതരായ റിട്ട. ചീഫ് ജസ്റ്റിസുമാർക്കുപോലും ഇങ്ങനെയാണ് നൽകുന്നത്.
പെൻഷൻ ഒന്നരലക്ഷത്തോളം
പുതിയ ശമ്പളം മൂന്നര ലക്ഷം
1.70 ലക്ഷം രൂപയോളമാണ് ചീഫ്സെക്രട്ടറിമാർക്ക് പെൻഷനായി ലഭിക്കുക. ചീഫ് സെക്രട്ടറി ഗ്രേഡിൽ അവസാനം ശമ്പളയിനത്തിൽ വാങ്ങിയ മൂന്നരലക്ഷത്തോളം രൂപയാണ് റിക്രൂട്ട്മെന്റ് ബോർഡ് തലവനെന്ന നിലയിൽ വി.പി. ജോയിക്ക് ശമ്പളമായി അനുവദിച്ചിരിക്കുന്നത്. ഇതിനൊപ്പം ചട്ടത്തിൽ ഇളവുനൽകി, ഫുൾ പെൻഷൻ വാങ്ങാനും മന്ത്രിസഭായോഗം അനുമതി നൽകി. ഫലത്തിൽ അഞ്ചുലക്ഷത്തോളം രൂപ മാസം ലഭിക്കും. കാറും സ്റ്റാഫും പല അലവൻസും ഇതിനു പുറമേയാണ്.
40% കമ്മ്യൂട്ടേഷനും
ഫുൾ പെൻഷനും
വിരമിക്കുമ്പോൾ 40% പെൻഷൻ കമ്മ്യൂട്ടേഷനായി അനുവദിക്കും. നിശ്ചിത ഫോർമുല പ്രകാരം സർവീസ് കാലാവധിയടക്കം പരിഗണിച്ച് പരമാവധി ലഭിച്ചേക്കാവുന്ന പെൻഷന്റെ 40%തുക ഒറ്റത്തവണയായി കൈപ്പറ്റുന്നതാണ് കമ്മ്യൂട്ടേഷൻ. ഇതുകൂടാതെ ഫുൾപെൻഷൻ കൂടി അനുവദിക്കുന്നത് ഇരട്ടപേയ്മെന്റിന് തുല്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |