ബംഗളൂരു: ആന്ധ്രാപ്രദേശിൽ നിന്നും കർണാടകയിലേക്ക് ബീഫ് കയറ്റിവന്ന ലോറികൾ തടയുകയും കാർ കത്തിക്കുകയും ചെയ്‌ത സംഭവത്തിൽ ശ്രീരാമസേന പ്രവർത്തകരടക്കം അറസ്‌റ്റിൽ. അനധികൃതമായി ബീഫ് കടത്തിയതിന് ഏഴുപേരെയും ഇവരെ ആക്രമിച്ചതിന് ശ്രീരാമസേനയിലെ 14പേരെയുമടക്കം 21 പേരെയാണ് കർണാടകയിൽ അറസ്റ്റ് ചെയ്‌തത്.
ആന്ധ്രാപ്രദേശിലെ ഹിന്ദുപൂരിൽ നിന്ന് ബംഗളൂരുവിലേക്ക് ബീഫ് എത്തിക്കുകയായിരുന്നു. അഞ്ച് മിനിട്രക്കിലാണ് ബീഫ് ഉണ്ടായിരുന്നത്. ഇതിന് അകമ്പടി പോയിരുന്നവർ കാറിലും ഒപ്പമുണ്ടായിരുന്നു. ഈ വാഹനങ്ങൾ ഞായറാഴ്‌ച പുലർച്ചെ അഞ്ചേമുക്കാലോടെ ദൊഡ്‌ഡബല്ലാപുരയിൽ വച്ച് ശ്രീരാമസേന പ്രവർത്തകർ തടഞ്ഞു. പിന്നാലെ വാഹനങ്ങളിലുണ്ടായിരുന്നവരെ ആക്രമിച്ച് കാർ കത്തിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ശ്രീരാമസേന പ്രവർത്തകരെയും ബീഫ് കടത്തിയവരെയും പിടികൂടുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു.
ബീഫ് കടത്തിയതിനും ആക്രമണം നടത്തിയതിനും രണ്ട് കേസുകൾ രജിസ്‌റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു.അഞ്ച് ഹിന്ദുപൂർ സ്വദേശികളും രണ്ട് ഗൗരിബിദാനൂർ സ്വദേശികളുമാണ് ബീഫ് കടത്തിയതിന് അറസ്‌റ്റിലായത്.
2020ൽ കർണാടകയിൽ അന്നത്തെ ബിജെപി സർക്കാർ പശു, കാള, എരുമ, പോത്ത് എന്നിവയെ കശാപ്പ് ചെയ്യുന്നത് നിയമം മൂലം നിരോധിച്ചിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയിട്ടും ഈ നിയമം മാറിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |