തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളേജുകളിൽ ഐസിയു-വെന്റിലേറ്റർ നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി വീണാ ജോർജ്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. നിലവിലെ നിരക്ക് തന്നെ തുടരുമെന്നും അവർ വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിനും വെന്റിലേറ്ററിനുമുള്ള പുതുക്കിയ നിരക്കുകൾ പിൻവലിക്കുമെന്ന് സൂപ്രണ്ട് ഡോ എ നിസാറുദീൻ അറിയിച്ചു. എപിഎൽ കാർഡ് ഒഴികെയുള്ള എല്ലാവർക്കും ഇവ സൗജന്യമാണ്. കൊവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലാണ് ഐസിയുവിലെ ഫീസ് ഈടാക്കൽ താൽക്കാലികമായി നിർത്തി വച്ചത്. തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രി ഫീസ് പുനരാംഭിക്കാൻ തീരുമാനിച്ചത്.
ഐ.സി.യു, വെന്റിലേറ്റർ ഫീസിൽ 34 ശതമാനത്തിന്റെ വർദ്ധനവരുത്തിയത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾക്കേറ്റ ഇരുട്ടടിയായിരുന്നു. ഐ.സി.യുവിന് 500രൂപ, വെന്റിലേറ്ററിന് 1000രൂപ എന്നിങ്ങനെ ആയിരുന്നു പുതുക്കിയ ഫീസ്.കൊവിഡിന് ശേഷം നിരക്കുകൾ പുനഃസ്ഥാപിച്ചതിന്റെ മറവിലായിരുന്നു നിരക്ക് വർദ്ധിപ്പിച്ചത്. കൊവിഡിന് മുൻപ് ഐ.സി.യുവിന് 330രൂപയും വെന്റിലേറ്ററിന് 660 രൂപയുമായിരുന്നു ഫീസ്. ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് (എച്ച്.ഡി.സി) നിരക്ക് വർദ്ധിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |