ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ബി.ജെ.പിയുമായും ദേശീയ തലത്തിൽ എൻ.ഡി.എയുമായുമുള്ള ബന്ധം അണ്ണാ ഡി.എം.കെ ഉപേക്ഷിച്ചു. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് പാർട്ടി സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എം.പിമാരുടെയും എം.എൽ.എമാരുടെയും ജില്ലാ അദ്ധ്യക്ഷൻമാരുടെയും യോഗമാണ് തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് യോഗം ഏകകണ്‌ഠേന പ്രമേയം പാസാക്കിയെന്ന് പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ.പി മുനുസാമി അറിയിച്ചു. പാർട്ടി പ്രവർത്തകർ പടക്കം പൊട്ടിച്ചാണ് വാർത്ത ആഘോഷിച്ചത്.
മുൻ മുഖ്യമന്ത്രിമാരായ സി.എൻ.അണ്ണാദുരൈ,ജെ.ജയലളിത എന്നിവർക്കെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ നടത്തിയ പരാമർശങ്ങളാണ് ബന്ധം വഷളാക്കിയത്. ഈ റോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനു ശേഷം ഇരു പാർട്ടി നേതൃത്വവും ഉടക്കിലായിരുന്നു. എൻ.ഡി.എയിൽ അണ്ണാഡി.എം.കെ വേണ്ടെന്ന് അണ്ണാമലൈ തുറന്നടിച്ചു. അണ്ണാമലൈ തമിഴ്നാട്ടിൽ ബി.ജെ.പിയെ സ്വന്തമായി വളർത്താനുള്ള ശ്രമത്തിലാണെന്ന് അണ്ണാഡി.എം.കെ നേതാക്കളും ആരോപിച്ചു.
അതേസമയം, അണ്ണാമലൈയെ മാറ്റണമെന്ന ഡി.എം.കെയുടെ ആവശ്യം ബി.ജെ.പി കേന്ദ്ര നേതൃത്വം നിരസിച്ചിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്‌ച ഡൽഹിയിൽ നടന്ന ഒത്തുതീർപ്പു യോഗത്തിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് ചെന്നൈയിൽ അണ്ണാ ഡി.എം.കെ അന്തിമ തീരുമാനമെടുത്തത്.
അതിനിടെ, അണ്ണാ ഡി.എം.കെ പുറത്താക്കിയ മുൻ മുഖ്യമന്ത്രി പനീർ ശെൽവം,അമ്മമക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി.ദിനകരൻ എന്നിവർ ബി.ജെ.പിക്കൊപ്പം ചേരാനിടയുണ്ടെന്നും സൂചനയുണ്ട്. അതേസമയം, പുതിയ സംഭവ വികാസങ്ങളോട് പ്രതികരിക്കാൻ അണ്ണാമലൈ തയ്യാറായില്ല. ദേശീയ നേതൃത്വം പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |