മഞ്ചേരി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരിയിൽ രണ്ടിടങ്ങളിലായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. സംസ്ഥാനതലത്തിൽ നടന്ന പരിശോധനയുടെ ഭാഗമായായിരുന്നു ഇത്. മങ്കട പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറായ മഞ്ചേരി പാലക്കുളം തടവള്ളി തയ്യിൽ അബ്ദുൽ ജലീൽ, പുൽപറ്റ ഷാപ്പിൻകുന്ന് മണ്ണേത്തൊടി പള്ളിയാളി ഹംസ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. രണ്ട് വീടുകളിൽ നിന്നും ഏതാനും രേഖകൾ സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ആറരയ്ക്കാരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടു.
കൊച്ചിയിൽ നിന്നെത്തിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ഗ്രീൻവാലി ഫൗണ്ടേഷന്റെ മഞ്ചേരി കാരാപ്പറമ്പിലെ ഓഫീസ് എൻ.ഐ.എ സംഘം രണ്ടുമാസം മുൻപ് ഏറ്റെടുത്ത് നോട്ടീസ് പതിച്ചിരുന്നു. ഫൗണ്ടേഷൻ ട്രസ്റ്റംഗങ്ങളായിരുന്നു അബ്ദുൽ ജലീലും പള്ളിയാളി ഹംസയും. അബ്ദുൽ ജലീലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. ഹംസ വീട്ടിലില്ലാഞ്ഞതിനാൽ വീട്ടുകാരിൽ നിന്നു മൊഴിയെടുത്തു.
എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ പി.എഫ്.ഐ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ട്രസ്റ്റുകളുടെ മറവിൽ വിദേശത്ത് നിന്നെത്തിച്ച പണം ദേശവിരുദ്ധ പ്രവർത്തനത്തിന് വിനിയോഗിച്ചെന്നാണ് എൻ.ഐ.എയുടേയും ഇ.ഡിയുടേയും കണ്ടെത്തൽ. അരിക്കോട് മൂന്നിടങ്ങളിലും വളാഞ്ചേരി വെങ്ങാടും റെയ്ഡ് നടന്നു. താഴെ കൊഴക്കോട്ടൂർ കൊടപ്പത്തൂർ അബൂബക്കർ, മൂർക്കനാട് സ്വദേശി നൂറുൽ അമീൻ, എളയൂർ സ്വദേശി ഹനീഫ, വളാഞ്ചേരി വെങ്ങാട് സ്വദേശി ഹൈദർ എന്നിവരുടെ വീടുകൾ റെയ്ഡ് നടന്നവയിലുൾപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |