ആലപ്പുഴ: തോട്ടപ്പള്ളിയിലെ കൺസ്യൂമർഫെഡിന്റെ മദ്യശാല അമ്പലപ്പുഴയിലേക്ക് മാറ്റിയത് ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലയ്ക്ക് തടയിടാൻ. അമ്പലപ്പുഴയിലെ സാദ്ധ്യതകൾ മനസ്സിലാക്കി ബിവറേജസ് കോർപ്പറേഷൻ പുതിയ കേന്ദ്രത്തിനായി ശ്രമം നടത്തുന്നുവെന്ന് സൂചന ലഭിച്ചപ്പോൾ തന്നെ കൺസ്യൂമർഫെഡ‌് സ്ഥലം കണ്ടെത്തി പ്രവർത്തനവും ആരംഭിച്ചു. ജില്ലയിൽ 22 മദ്യശാലകളുള്ള ബിവറേജസ് കോർപ്പറേഷന് ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് മുമ്പ് പ്രവർത്തിച്ചിരുന്ന ഒരു ഷോപ്പ് നിലവിൽ അടഞ്ഞ് കിടക്കുകയാണ്. ഇതിന് ബദലായാണ് പുതിയ ഷോപ്പ് അമ്പലപ്പുഴയിൽ ആരംഭിക്കാൻ നീക്കം നടത്തിയത്. കൺസ്യൂമർഫെഡിനാവട്ടെ ജില്ലയിൽ ആകെ രണ്ട് ഔട്ട്ലെറ്റുകളാണുള്ളത്. ഒന്ന് ആലപ്പുഴ നഗരത്തിലും, രണ്ടാമത്തേത് തോട്ടപ്പള്ളിയിലും പ്രവർത്തിച്ചിരുന്നു. തോട്ടപ്പള്ളിയിലെ കൺസ്യൂമർഫെഡ് ഔട്ട്ലെറ്റിലെ 'കൺസ്യൂമർ'മാരിൽ എഴുപത് ശതമാനവും അമ്പലപ്പുഴ, പുറക്കാട് ഭാഗത്ത് നിന്ന് വരുന്നവരാണെന്നാണ് വിലയിരുത്തൽ. പുതിയ ബെവ്കോ ഔട്ട്ലെറ്റ് വരുന്നതോടെ കച്ചവടം താറുമാറാകാനും, ജീവനക്കാരെ സ്ഥലംമാറ്റാനുമുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് ഒരു ലക്ഷത്തോളം രൂപ വാടക നൽകി അമ്പലപ്പുഴയിലെ ഷോപ്പ് കാലേകൂട്ടി കൺസ്യൂമർഫെഡ് സ്വന്തമാക്കിയത്.
ജില്ലയിലെ മദ്യശാലകൾ കൺസ്യൂമർഫെഡ് : 2 ബിവറേജസ് കോർപ്പറേഷൻ: 22
മാറിക്കളിക്കുന്ന ഔട്ട്ലെറ്റ്
മുമ്പ് അമ്പലപ്പുഴയിൽ പ്രവർത്തിച്ചിരുന്ന കൺസ്യൂമർഫെഡ് മദ്യശാലയ്ക്ക് സംസ്ഥാപാതയുടെ അഞ്ഞൂറ് മീറ്റർ പരിധിയിൽ പെട്ടതോടെയാണ് ആദ്യ മാറ്റമുണ്ടായത്. സർവ്വോദയപുരത്തെ പഴയ കയർ ഫാക്ടറി കേന്ദ്രീകരിച്ച് പുനരാരംഭിച്ച ഔട്ട്ലെറ്റ് ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് വർഷങ്ങൾക്ക് മുമ്പ് തോട്ടപ്പള്ളിയിലെത്തിയത്. തോട്ടപ്പള്ളിയിലെ ലാഭകരമായ കച്ചവടത്തിന് കാരണക്കാരായിരുന്ന അമ്പലപ്പുഴ ഭാഗത്തെ ഉപഭോക്താക്കളെ ഒറ്റയടിക്ക് നഷ്ടപ്പെടുമെന്ന് മനസിലാക്കിയതോടെ ഔട്ട്ലെറ്റ് വീണ്ടും അമ്പലപ്പുഴയിലേക്ക് മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |