ഇന്നലെ ലോകകപ്പിന്റെ ഫൈനൽ ലോഡ്സിൽ ആവേശക്കൊടുമുടി കയറുമ്പോൾ വെറും 20 കിലോമീറ്ററ കലെ ആൾ ഇംഗ്ളണ്ട് ക്ളബിൽ വിംബിൾഡണിന്റെ ഫൈനലിൽ റോജർ ഫെഡററും നൊവാക്ക് ജോക്കോവിച്ചും മറ്റൊരു ഇതിഹാസപ്പോരാട്ടത്തിലായിരുന്നു. ലോകകപ്പിൽ ആരും ജയിക്കാത്തതുപോലെ വിംബിൾഡണിലും വിജയിയെ കണ്ടെത്താൻ കഴിയാത്ത സ്ഥിതി. പിരിമുറുക്കത്തിലൂടെ മനസുമായി ടെലിവിഷൻ സ്ക്രീനുകളിൽ മാറി മാറി മിഴിനട്ടിരിക്കുന്ന കായിക പ്രേമിക്ക് ഞായറാഴ്ത്ത രാത്രി ഒരിക്കലും മറക്കാൻ കഴിയില്ല. ഒടുവിൽ ഹൃദയംകൊണ്ട് പിന്തുണച്ച ന്യൂസിലൻഡും റോജർ ഫെഡററും കിരീട ഭാഗ്യമില്ലാതെ മടങ്ങിയത് ഏവരിലും വേദനയുമായി.
വിംബിൾഡണിൽ നൊവാക്ക് തന്റെ ആദ്യം കിരീടമുയർത്തിയപ്പോഴും ആരാധക ഹൃദയങ്ങളിൽ നിറഞ്ഞുനിന്നത് റോജർ ഫെഡറർ തന്നെയായിരുന്നു. നാലുമണിക്കൂർ 57 മിനിട്ട് മത്സരത്തിൽ ഫെഡറർ തന്റെ 38-ാം വയസ്സിൽ കാഴ്ചവച്ച അവിസ്മരണീയ പ്രകടനം നൊവാക്കിന്റെ കടുത്ത ആരാധകരെപ്പോലും ആവേശം കൊള്ളിച്ചിട്ടുണ്ടാകാം.
അഞ്ച് സെറ്റ് പോരാട്ടത്തിലാണ് ഫെഡറർ പരാജയപ്പെട്ടത്. ഇതിൽ നൊവാക്ക് നേടിയ മൂന്ന് സെറ്റുകളും ടൈബ്രേക്കറിലൂടെയായിരുന്നു എന്ന് എടുത്തു പറയേണ്ടതുണ്ട്. ഫെഡറർ നേടിയ രണ്ട് സെറ്റുകളാകട്ടെ ആധികാരികവും. മറ്റ് മൂന്ന് സെറ്റുകളിൽ 6-6 വരെ പൊരുതിയ ശേഷമാണ് ഫെഡറർ പിടിവിട്ടുകൊടുത്തത്. ബിഗ് സർവുകൾക്ക് പേരുകേട്ട നൊവാക്ക് ടൈബ്രേക്കറിൽ തന്റെ മികവ് ഉപയോഗിച്ചു.
ആദ്യ സെറ്റിൽ ടൈബ്രേക്കറിൽ കീഴടങ്ങിയ ഫെഡറർ രണ്ടാം സെറ്റിൽ നൊവാക്കിന്റെ സർവ്വുകൾ തുടർച്ചതായി ബ്രേക്ക് ചെയ്ത് വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത പോരാളിയുടെ ലക്ഷണമായിരുന്നു. മൂന്നാം സെറ്റിലെ ടൈബ്രേക്കറും പോയപ്പോൾ നാലാം സെറ്റിൽ വീണ്ടും സർവ് ബ്രേക്ക് ചെയ്ത് ഫെഡറർ മത്സരത്തിലേക്ക് തിരിച്ചുവന്നു. അഞ്ചാം സെറ്റിൽ 12-12 വരെ തുല്യതയിൽ പോയശേഷമാണ് ടൈബ്രേക്കർ വന്നത്. ഇതിനിടയിൽ ചാമ്പ്യൻഷിപ്പ് പോയിന്റിന് തൊട്ടടുത്തെത്തിയെങ്കിലും ഫെഡററുടെ സർവ് ബ്രേക്ക് ചെയ്ത് നൊവാക്ക് മത്സരം വീണ്ടും നീട്ടി.
കോർട്ടിന്റെ ഇരുപകുതികളിലേക്കുമുള്ള പന്തിന്റെ പിന്നാലെ നീങ്ങുന്ന കണ്ണുകളാണ് ടെന്നിസിന്റെ അടയാള ചിഹ്നം. കഴിഞ്ഞ രാത്രി വിംബിൾഡൺ കിരീടം നൊവാക്കും ഫെഡററും ചേർന്ന് പന്തുപോലെ അങ്ങോട്ടുമിങ്ങോട്ടും പായിക്കുകയായിരുന്നു.
20 ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയിട്ടുള്ള ഫെഡറർ ഈ പ്രായത്തിലും അസാദ്ധ്യ മികവ് പുറത്തെടുക്കുമ്പോൾ ആരാധകർക്ക് അത്ഭുതപ്പെടാതിരിക്കാനാവില്ല. ഫെഡറർ തോറ്റുവെന്ന് വിശ്വസിക്കാൻ ഇപ്പോഴും അവർ തയ്യാറാകാത്തതിനും അതുതന്നെ കാരണം. ഇനിയുമൊരുപാട്, അങ്കങ്ങൾക്കുള്ള ബാല്യം ഈ പോരാളിയിലുണ്ട്. അത് കാണാനുള്ള സുവർണാവസരത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.
വിംബിൾഡണിലെ എന്റെ മറ്റുപരാജയങ്ങൾപോലെ ഇതും വേദനാജനകമാണ്. പക്ഷേ, ഈ തോൽവി മറക്കാനാണ് ആഗ്രഹം.
-ഫെഡറർ.
മത്സരത്തിലുടനീളം പ്രതിരോധിച്ചാണ് കളിച്ചത്. ഫെഡറർ അപൂർവമായി നൽകിയ അവസരങ്ങൾ മുതലാക്കിയാണ് കിരീടം നേടിയത്.
-നൊവാക്ക് ജോക്കോവിച്ച്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |