അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
മലപ്പുറം/തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ അസിസ്റ്റന്റ് (പി.എ) അഖിൽ പി.മാത്യു ആയുഷ് മിഷനിലെ മെഡിക്കൽ ഓഫീസർ നിയമനത്തിന് കൈക്കൂലി വാങ്ങിയതായി ആരോപണം. മലപ്പുറത്തെ റിട്ട. അദ്ധ്യാപകൻ കാവിൽ അതികാരംകുന്നത്ത് ഹരിദാസൻ കുമ്മാളിയാണ് ആക്ഷേപം ഉന്നയിച്ചത്. മകന്റെ ഭാര്യ ഡോ.നിതാരാജിന് മെഡിക്കൽ ഓഫീസറായി (ഹോമിയോ) നിയമനം നൽകാമെന്നായിരുന്നു വാഗ്ദാനം. പത്തനംതിട്ട സി.ഐ.ടിയു ജില്ലാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി അഖിൽ സജീവായിരുന്നു ഇടനിലക്കാരൻ. ഒന്നേമുക്കാൽ ലക്ഷം കൈപ്പറ്റിയെന്നും പതിനഞ്ചു ലക്ഷമാണ് ചോദിച്ചതെന്നും പരാതിക്കാരൻ. അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി.
ആരോപണം തെറ്റാണെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും മന്ത്രി വീണാ ജോർജ്.
ആദ്യഗഡു കൈമാറിയതിന് ബാങ്ക് രേഖയുണ്ടെന്നും മന്ത്രിയുടെ ഓഫീസിൽ എത്തിയതിന് സി.സി ടിവി തെളിവുണ്ടെന്നും പരാതിക്കാരന്റെ വിശദീകരണം.സെപ്തംബർ ഒമ്പതിന് മന്ത്രിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരൻ.
13ന് രജിസ്റ്റേർഡായി പരാതി കിട്ടിയെന്നും ആരോപണ വിധേയന്റെ വിശദീകരണം ലഭിച്ചശേഷം 23ന്പൊലീസിൽ പരാതിപ്പെട്ടെന്നും മന്ത്രി. ഇന്നലെ സ്പെഷ്യൽ ബ്രാഞ്ച് ഹരിദാസന്റെ വീട്ടിലെത്തി മൊഴിയെടുത്തു. മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ് അപേക്ഷിച്ചപ്പോൾ, അഖിൽ സജീവ് സമീപിക്കുകയായിരുന്നു. താത്കാലിക നിയമനം മൂന്നുവർഷം വരെ നീട്ടാമെന്നും ഇതിന് അഞ്ച് ലക്ഷവും സ്ഥിരപ്പെടുത്താൻ പത്ത് ലക്ഷവുമാണ് ആവശ്യപ്പെട്ടത്. ഗഡുക്കളായി നൽകിയാൽ മതിയെന്നും ഭരണം മാറുംമുമ്പ് സ്ഥിരപ്പെടുത്തുമെന്നും പറഞ്ഞു.
മറ്റൊരാളെ നിയമിച്ചതായി അറിഞ്ഞ് ബന്ധപ്പെട്ടപ്പോൾ, ഇനിയും നിയമനങ്ങളുണ്ടെന്നും കാത്തിരിക്കാനും ആവശ്യപ്പെട്ടു. അഖിൽ സജീവിന്റെ കോൾ റെക്കോഡിംഗ്സ് കൈവശമുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു.
കേസെടുത്തത് അഖിൽ മാത്യുവിന്റെ പരാതിയിൽ
തന്റെ പേരിൽ ആരോ പണംവാങ്ങിയെന്നും തെറ്റായ ആരോപണമുന്നയിച്ചെന്നുമുള്ള അഖിൽമാത്യുവിന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. അഖിലിനെ തിടുക്കത്തിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ആരെയും പ്രതിയാക്കിയിട്ടില്ല. മന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറി ഡി.ജി.പിക്ക് നൽകിയ പരാതി ഇതുവരെ കന്റോൺമെന്റ് പൊലീസിലെത്തിയിട്ടില്ല.
പരാതി പ്രകാരം ഇടപാട് ഇങ്ങനെ:
മാർച്ച് 10
സി.പി.എം നേതാവും പത്തനംതിട്ട സി.ഐ.ടി.യു ഓഫീസ് സെക്രട്ടറിയുമാണെന്ന് പരിചയപ്പെടുത്തി അഖിൽ സജീവ് റിട്ട.അദ്ധ്യാപകന്റെ വീട്ടിലെത്തി. ജോലി ലഭിക്കണമെങ്കിൽ കൈക്കൂലിയായി പണം നൽകണമെന്ന് വിശ്വസിപ്പിച്ചു.
മാർച്ച് 24
അഖിലിന്റെ അക്കൗണ്ടിലേക്ക് 25,000 രൂപ അഡ്വാൻസായി നൽകി. മന്ത്രിയുടെ പി.എയും ബന്ധുവുമായ അഖിൽ പി.മാത്യുവിനെ നേരിട്ട് കാണണമെന്നും അദ്ദേഹമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പറഞ്ഞു.
ഏപ്രിൽ 10
ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസിലെത്തി അഖിൽ മാത്യുവിനെ കണ്ടു. സമീപത്തെ ഓട്ടോ സ്റ്റാൻഡിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുൻകൂട്ടി ആവശ്യപ്പെട്ട ഒരുലക്ഷം രൂപ നൽകി.
ഏപ്രിൽ 12
ആയുഷ് മിഷന്റെ പേരിലുള്ള മെയിലിൽ നിന്ന് നിയമന ഉത്തരവ് ലഭിച്ചു. 25ന് ശേഷം നിയമന ഉത്തരവ് തപാലിൽ അയയ്ക്കുമെന്നും മെയിലിൽ സൂചിപ്പിച്ചു. ഇതിനുശേഷം അഖിൽ സജീവ് നേരിട്ടെത്തി 50,000 രൂപകൂടി വാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |