മാവേലിക്കര: സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ പ്രതി കോട്ടയം കുമരകം മഠത്തിൽ ജേക്കബ്ബ് മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിൽ മരണമടഞ്ഞതുമായി ബന്ധപ്പെട്ട പുനരന്വേഷണത്തിന്റെ ഭാഗമായി ജയിൽ ഡി.ഐ.ജി എസ്.സന്തോഷ് ഇന്നലെ ജയിലിലെത്തി തെളിവെടുത്തു.
സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും മൊഴിയെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ജയിൽ അധികൃതർ ഡി.ഐ.ജിക്ക് കൈമാറി. രാവിലെ 11നു ആരംഭിച്ച തെളിവെടുപ്പ് മൂന്നര മണിക്കൂറോളം നീണ്ടു.
മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിനെ തുടർന്ന് ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിർദ്ദേശപ്രകാരമുള്ള പുനരന്വേഷണത്തിന്റെ ഭാഗമായാണ് ജയിലിൽ സന്ദർശനം നടത്തിയതെന്ന് ഡി.ഐ.ജി പറഞ്ഞു. മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിൽ പേര് പരാമർശിക്കുന്ന ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.
അന്വേഷണം പൂർത്തിയാക്കാൻ ഒരാഴ്ച സമയമാണ് അനുവദിച്ചിരിക്കുന്നത്.
ഇല്ലാത്ത രോഗികളുടെ പേരിൽ 69 ലക്ഷത്തോളം രൂപ ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് തട്ടിയെടുത്തെന്ന കേസിൽ മാർച്ച് 20ന് രാത്രിയാണ് ജേക്കബ്ബിനെ മാവേലിക്കര സബ് ജയിലിലെത്തിച്ചത്. 21ന് രാവിലെ ഇയാളെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 22ന് പോസ്റ്റ്മോർട്ടം നടത്തി. തൊണ്ടയിൽ തൂവാല തിരുകിയപ്പോൾ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |