ഹ്വാംഗ്‌ചോ: ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ഇന്ന് രണ്ട് സ്വർണം. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാംബ്ലെ ഗെയിംസ് റെക്കാഡാടെ സ്വർണം നേടി. 8:19:50 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സാംബ്ലെ സുവർണ നേട്ടം സ്വന്തമാക്കിയത്. ഷോട്ട്‌പുട്ടിൽ തജീന്ദർപാൽ സിംഗ് ടൂർ 20.36 മീറ്റർ ദൂരമെറിഞ്ഞാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ ഇതുവരെയുള്ള സ്വർണനേട്ടം 13 ആയി.മെഡൽപ്പട്ടികയിൽ ഇന്ത്യ നാലാംസ്ഥാനത്തേക്ക് ഉയർന്നു. 13 സ്വർണം, 16 വെള്ളി, 16 വെങ്കലം ഉൾപ്പെടെ 45 മെഡലുകളുമായാണ് ഇന്ത്യയുടെ മുന്നേറ്റം.
വനിതാ ഗോൾഫിൽ വ്യക്തിഗത ഇനത്തിൽ വെള്ളി നേടി അതിഥി അശോക് ആണ് ഇന്ന് ഇന്ത്യയുടെ മെഡൽവേട്ടയ്ക്ക് തുടക്കമിട്ടത്. ഷൂട്ടിംഗിൽ ട്രാപ്പ് ടീം ഇനത്തിൽ രാജേശ്വരി കുമാരി, പ്രീതി രാജക്, മനിഷ കീർ എന്നിവരടങ്ങിയ ടീം വെള്ളി നേടി. പുരുഷൻമാരുടെ ട്രാപ്പ് ടീം ഇനത്തിൽ സൊരാവർ സിംഗ് സന്ധു, കൈനാൻ ഡാരിയസ് ചെനായ്, പൃഥ്വിരാജ് ടോണ്ഡെമാൻ എന്നിവരാണ് ഇന്ത്യക്ക് ഇന്നത്തെ ആദ്യ സ്വർണം സമ്മാനിച്ചത്. വ്യക്തിഗത ഇനത്തിൽ കൈനാൻ ഡാരിയസ് വെങ്കലം നേടി.
അതേസമയം വനിതാ ബോക്സിംഗിൽ നിഖാത് സെരിൻ 50 കിലോഗ്രാം വിഭാഗത്തിൽ സെമിയിൽ തോറ്റ് വെങ്കലം കൊണ്ട് തൃപ്ടിപ്പെടേണ്ടി വന്നു. 121സ്വർണവും 71 വെള്ളിയും 37 വെങ്കലവുമടക്കം 229 മെഡലുകൾ നേടി ആതിഥേയരായ ചൈനയാണ് ഒന്നാം സ്ഥാനത്ത്. 30 സ്വർണം, 33 വെള്ളി, 58 വെങ്കലം എന്നിവ നേടി ദക്ഷിണ കൊറിയ രണ്ടാമതാണ്. 29 സ്വർണം, 39 വെള്ളി, 40 വെങ്കലം എന്നിവയുമായി ജപ്പാൻ ആണ് മൂന്നാമത്,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |