തങ്ങളുടെ താരത്തെ രക്ഷിക്കാൻ ഫൗൾ സ്റ്റാർട്ടിൽ കുടുക്കി പുറത്താക്കിയ ചൈനീസ് ബുദ്ധി അപ്പീലിലൂടെ പൊളിച്ച ഇന്ത്യൻ താരം ജ്യോതി യരാജിക്ക് ഏഷ്യൻ ഗെയിംസിൽ സ്വർണത്തേക്കാൾ തിളക്കമുള്ള വെള്ളി. ഇന്നലെ നടന്ന വനിതകളുടെ 100 മീറ്റർ ഹർഡിൽസിന്റെ ഫൈനലിലാണ് തങ്ങളുടെ ഓട്ടക്കാരി വു യാന്നി അയോഗ്യയായി മാറുന്നത് തടയാൻ ചൈനീസ് ഒഫിഷ്യൽസ് നാടകം കളിച്ചത്. എന്നാൽ, ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ കൃത്യസമയത്ത് അപ്പീൽ നൽകിയതോടെ വെള്ളി നേടിയതായി പ്രഖ്യാപിച്ച ചൈനീസ് താരത്തെ അയോഗ്യയാക്കുകയും മൂന്നാമത് ഫിനിഷ് ചെയ്തിരുന്ന ജ്യോതിക്ക് നൽകുകയുമായിരുന്നു.
വെടിയാെച്ച മുഴങ്ങുംമുന്നേ വു യാന്നി ഓടിത്തുടങ്ങിയിരുന്നു. ഫൗൾ സ്റ്റാർട്ട് നടത്തിയാൽ റെഡ് കാർഡ് കാട്ടി പുറത്താക്കണം. എന്നാൽ, അടുത്ത ലെയ്നിലുണ്ടായിരുന്ന ജ്യോതിക്കും റെഡ് കാർഡ് നൽകിയപ്പോൾ തന്റെ കൈ ഗ്രൗണ്ടിൽ സ്പർശിച്ചിരുന്നതായും ഫൗൾ സ്റ്റാർട്ടല്ലെന്നും ജ്യോതി ശക്തമായി വാദിച്ചു. ഇതോടെ മത്സരം വൈകി. ദൃശ്യങ്ങൾ വീണ്ടും വീണ്ടും പരിശോധിച്ച ശേഷം രണ്ട് താരങ്ങളെയും നാടകീയമായി മത്സരത്തിലേക്ക് തിരിച്ചുവിളിച്ചു. തുടർന്ന് ചൈനീസ് താരം ലിൻ യുവേയ് ഒന്നാമതായും വു രണ്ടാമതായും ജ്യോതി മൂന്നാമതായും ഫിനിഷ് ചെയ്തു. അത്‌ലറ്റിക് ഫെഡറേഷൻ അപ്പീൽ നൽകിയതോടെ മത്സരശേഷം വീണ്ടും ദൃശ്യങ്ങൾ പരിശോധിച്ച് വു യാന്നിനെ അയോഗ്യയാക്കുകയും ഇന്ത്യയ്ക്ക് വെള്ളി നൽകുകയുമായിരുന്നു. ആന്ധ്രപ്രദേശുകാരിയാണ് ജ്യോതി.
ഫൗൾ സ്റ്റാർട്ട് ചെയ്തില്ല എന്ന് ഉറപ്പുണ്ടായിരുന്നു. സമ്മർദ്ദമില്ലായിരുന്നെങ്കിൽ മികച്ച രീതിയിൽ ഫിനിഷ് ചെയ്യാനാകുമായിരുന്നു.
- ജ്യോതി യരാജി
തെറ്റുകാരിയല്ലാത്ത ജ്യോതിയെക്കൂടി ഒഫിഷ്യൽസ് പുറത്താക്കി. പ്രതിഷേധിച്ച തക്കത്തിന് തങ്ങളുടെ താരത്തെക്കൂടി ഇറക്കുകയെന്ന ചൈനീസ് അതിബുദ്ധിയാണ് കണ്ടത്. ഇത് തിരിച്ചറിഞ്ഞാണ് എ.എഫ്.ഐ അപ്പോൾതന്നെ അപ്പീൽ ചെയ്തത്.
- അഞ്ജു ബോബി ജോർജ്
ഇന്ത്യൻ അത്‌ലറ്റിക്സ് ടീം മാനേജർ
മലയാളി മെഡൽ തിളക്കം
മൂന്ന് മലയാളി താരങ്ങൾ ഇന്നലെ മെഡൽ തിളക്കത്തിൽ മിന്നിത്തിളങ്ങി. എം. ശ്രീശങ്കർ ലോംഗ്ജമ്പിൽ വെള്ളിയും ജിൻസൺ ജോൺസൺ 1500 മീറ്ററിൽ വെങ്കലവും നേടി. എച്ച്.എസ് പ്രണോയ് ഉൾപ്പെട്ട പുരുഷ ബാഡ്‌മിന്റൺ ടീമും വെള്ളി നേടി.
ഇന്ത്യയ്ക്ക് മൂന്ന് സ്വർണം കൂടി
- വിശദ വാർത്ത കളിക്കളം പേജിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |