ചെന്നൈ: ചുരുങ്ങിയ ചെലവിൽ ആഡംബര യാത്രയാണ് വന്ദേഭാരത് വാഗ്ദാനം ചെയ്യുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽപ്പെടുത്തി തദ്ദേശീയമായി നിർമ്മിച്ച വന്ദേഭാരത് 16 കോച്ചുള്ള പൂർണമായി ശീതീകരിച്ചവയാണ്. വൃത്തിയുടെ കാര്യത്തിൽ നൂറ് മാർക്ക് നൽകാം. കാരണം നല്ല വെടിപ്പോടെയാണ് വന്ദേഭാരത് കോച്ചുകൾ സൂക്ഷിക്കുന്നത്. പിന്നോട്ടു നീക്കാവുന്ന സീറ്റുകൾ സുഖയാത്രയൊരുക്കും. യാത്രയ്ക്കിടയിൽ വിശപ്പുമാറ്റാൻ പലഹാരവും ചായയും എത്തും. പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ സൗകര്യപ്രദമായാണ് ചില്ലു ജനാലകളുടെ ക്രമീകരണം, എക്സിക്യുട്ടീവ് കോച്ചിലെ സീറ്റുകൾ 180 ഡിഗ്രി വരെ തിരിയാൻ പാകത്തിലുള്ളവയാണ്.
സുരക്ഷയിലും വന്ദേഭാരത് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ട്രെയിൻ പാളം തെറ്റാതിരിക്കാനുള്ള ആന്റി സ്‌കിഡ് സംവിധാനമടക്കം വന്ദേഭാരതിലുണ്ട്. എല്ലാ കോച്ചുകളും സിസിടിവി നിരീക്ഷണത്തിലാണ്. മാത്രമല്ല, 16 കോച്ചുകളുള്ളതിൽ രണ്ടെണ്ണം എക്സിക്യുട്ടീവ് കോച്ചുകളാണ്. ഇന്ത്യയിൽ നിലവിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ സവിശേഷതകളാണിത്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി രാജ്യത്ത് ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ സർവീസാണ് ഫ്ളാഗ് ഓഫ് ചെയ്തത്.
എന്നാൽ ഇപ്പോഴിതാ മറ്റ് രാജ്യങ്ങളിലെ അതിവേഗ ബുള്ളറ്റ് ട്രെയിനുകളെ പിന്നിലാക്കുന്ന സവിശേഷതകളിൽ വന്ദേഭാരത് പുറത്തിറങ്ങുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. 2024ൽ സ്ലീപ്പർ കോച്ച് സൗകര്യങ്ങളിൽ പുതിയ വന്ദേഭാരത് പുറത്തിറങ്ങുമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. പുതിയ കോച്ചുകളുടെ ഇന്റീരിയർ ഡിസൈൻ ജോലികൾ ഏകദേശം പൂർത്തിയായെന്നാണ് റെയിൽവെ അധികൃതർ അറിയിക്കുന്നത്.
അടുത്ത ലോക്സഭ തിഞ്ഞെടുപ്പിന് മുമ്പായോ 2024 ന്റെ തുടക്കത്തിലോ പുതിയ സർവീസുകൾ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. അടുത്ത വർഷം മാർച്ച് വരെയാണ് പുതിയ കോച്ചുകളുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാൻ സമയം അനുവദിച്ചിരിക്കുന്നതെന്ന് റെയിൽവെ വൃത്തങ്ങൾ അറിയിക്കുന്നു. 'സ്ലീപ്പർ കോച്ചുകളുടെ ഡിസൈൻ ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞു. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ പണി പൂർത്തിയാക്കൻ സാധിക്കും'- പേര് വെളിപ്പെടുത്താത്ത റെയിൽവെ ഉദ്യോഗസ്ഥൻ പറഞ്ഞു.
നിലവിലെ ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിൽ നിന്നും വ്യത്യസ്തമായിട്ടാണ് വന്ദേഭാരതിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. വിശാലമായ ബെർത്താണ് യാത്രക്കാർക്ക് ഒരുക്കുന്നത്. ഇത് യാത്രക്കാർക്ക് മികച്ച യാത്ര സുഖം പ്രദാനം ചെയ്യുന്നു. രാത്രി യാത്രയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും കോച്ചുകളിൽ ഉണ്ടാകും. ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ട്രെയിൻ നിർമ്മിക്കുന്നത്. ആകെയുള്ള 16 കോച്ചുകളിൽ 11 എണ്ണവും 3 ടയർ എസിയായിരിക്കും. നാല് എണ്ണം 2 ടയർ കോച്ചും ഒന്ന് ഫസ്റ്റ് ക്ലാസ് കോച്ചുമായിരിക്കും. 160 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് സ്ലീപ്പർ കോച്ചുകളുടെ നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |