മുസ്ളീം സ്ത്രീകൾ തട്ടം മാറ്റി തുടങ്ങിയത് സിപിഎം കേരളത്തിൽ വളരുന്നതിന്റെ സൂചനയാണെന്ന സിപിഎം നേതാവ് കെ അനിൽ കുമാറിന്റെ വിവാദ പരാമർശത്തിൽ വിമർശനവുമായി എം എസ് എഫ് നേതാവ് ഫാത്തിമ തഹിലിയ. സിപിഎം ഇസ്ലാമോഫോബിയ പേറുന്നവരാണെന്നും തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റുൾക്ക് കൂടിയാണെന്നും ഫാത്തിമ വിമർശിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു രൂക്ഷവിമശനം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇസ്ലാം മതവിശ്വാസികൾ പ്രാകൃതരാണ്, ആറാം നൂറ്റാണ്ടിലെ ബോധം പേറുന്നവരാണ് എന്നും മനുഷ്യൻ ആവണമെങ്കിൽ മതം ഉപേക്ഷിക്കണം എന്നും സി.പി.എം ഇത്രയും നാൾ ഒളിഞ്ഞു മാത്രമാണ് പറഞ്ഞിരുന്നത്. ഇപ്പോൾ അത് തെളിയിച്ചു പറഞ്ഞിരിക്കുന്നു അവർ.
തട്ടം ഉപേക്ഷിക്കുന്ന പെൺകുട്ടികൾ തങ്ങളുടെ പ്രവർത്തന നേട്ടമായി ആഘോഷിക്കുന്ന സി.പി.എം എത്ര മാത്രം ഇസ്ലാമോഫോബിയ പേറുന്നവരാണ്? തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണ്. കേരളത്തിലെ ആർ.എസ്.എസിന്റെ എ ടീം സി.പി.എം ആണ്. ബി.ജെ.പി കേരളത്തിൽ ആർ.എസ്.എസിന്റെ ബി ടീം മാത്രമാണ്!
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എസൻസ് ഗ്ളോബൽ സംഘടിപ്പിച്ച നാസ്‌തിക സമ്മേളനത്തിലായിരുന്നു അനിൽകുമാർ വിവാദ പരാമർശം നടത്തിയത്. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണ്. ഇത് വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായി തന്നെയാണെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നായിരുന്നു അനിൽകുമാർ പരിപാടിയിൽ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |