തിരുവനന്തപുരം: കേരളത്തിലെ നഗരങ്ങളിൽ സർവീസ് നടത്താൻ പ്രധാനമന്ത്രി ഇ -ബസ് സേവ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ച 950 ബസുകൾ സ്വീകരിക്കാൻ ഒടുവിൽ തീരുമാനമായി. സമ്മതം അറിയിച്ച് ഗതാഗതവകുപ്പ് കത്തയയ്ക്കും. മറ്റ് പല സംസ്ഥാനങ്ങളും പദ്ധതി പ്രയോജനപ്പെടുത്തുമ്പോൾ,കേരളം മുഖംതിരിച്ചു നിൽക്കുന്നതായി കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. 'കേന്ദ്രം വാടകയ്ക്ക് അനുവദിച്ച 950 ഇ-ബസുകൾ നമുക്ക് വേണ്ട!' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത പൊതുസമൂഹത്തിൽ വലിയ ചർച്ചയായതോടെ സർക്കാരിന് വീണ്ടുവിചാരമുണ്ടായി.
ബസുകൾ വാങ്ങാൻ പണമില്ലാത്ത കെ.എസ്.ആർ.ടി.സി 950 ബസുകൾ നഷ്ടപ്പെടുത്തുന്നത് യാത്രക്കാരോട് ചെയ്യുന്ന ദ്രോഹമാണെന്ന് ഗതാഗതവകുപ്പ് തിരിച്ചറിഞ്ഞു.
സമ്മതം അറിയിക്കാതിരുന്നാൽ പദ്ധതിയിൽ നിന്ന് പുറത്താവും.ബസുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന് നിർദേശം നൽകി.
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് സെക്രട്ടറി മനോജ് ജോഷിയുമായും മന്ത്രി സംസാരിച്ചു.
രാജ്യത്ത് 10,000 ഇലക്ട്രിക് ബസുകൾ വിന്യസിക്കുന്ന സംരംഭമാണ് ' പ്രധാനമന്ത്രി ഇ-ബസ് സേവ'. കൊച്ചി, കോഴിക്കോട് നഗരങ്ങൾക്ക് 150 വീതവും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ നഗരങ്ങൾക്ക് 100 വീതവും ചേർത്തല ,കായംകുളം, കോട്ടയം നഗരങ്ങൾക്ക് 50 വീതവും ബസുകൾ ആദ്യഘട്ടത്തിൽ ലഭിക്കും.
സർക്കാർ ഗ്യാരണ്ടി പ്രധാനം
ബസുകൾ നൽകുന്ന കമ്പനിക്ക് വാടക വിഹിതം കൃത്യമായി നൽകുമെന്നും വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കുമെന്നും സർക്കാർ ഗ്യാരണ്ടി നൽകണം. ഇതു നൽകുന്ന മുറയ്ക്കാണ് ബസുകൾ ഓരോ സംസ്ഥാനത്തിനും ലഭ്യമാക്കുന്നത്. കേന്ദ്രത്തിന്റെ വാടക വിഹിതം (40.7%) നേരിട്ട് നൽകും.
വില 950 കോടി
# ഒരു കോടി മുതൽ 1.20 കോടി രൂപവരെയാണ് ബസിന്റെ വില. കേരളത്തിന് കിട്ടുന്നവയുടെ മൊത്തം വില 950 കോടി രൂപ.
#ഒറ്റ ചാർജിൽ 300 കിലോമീറ്റർ വരെ സർവീസ് നടത്താം. സീറ്റുകൾ- 41
# സ്മാർട്ട് സിറ്റി പദ്ധതിയിൽതിരുവനന്തപുരം നഗരസഭ വാങ്ങിയ ബസിന്റെ വില 89.28 ലക്ഷം രൂപയായിരുന്നു. സീറ്റുകൾ 30
'' ബസുകൾ സ്വീകരിക്കുന്നതിന് രാഷ്ട്രീയപരമായി യാതൊരു എതിർപ്പും കേരളത്തിനില്ല. ഇതിനുള്ള ശ്രമം മന്ത്രി ആന്റണിരാജു നേരത്തെ നടത്തിയിരുന്നു''
- ബിജു പ്രഭാകർ,
സെക്രട്ടറി, ഗതാഗതവകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |