ന്യൂഡൽഹി : ബധിരയും മൂകയുമായ മലയാളി അഭിഭാഷക സാറാ സണ്ണിക്ക് സുപ്രീംകോടതിയിൽ കേസ് വാദിക്കാൻ ഇനി പുറത്തുനിന്ന് ആംഗ്യഭാഷാ വിവർത്തകനെ കൊണ്ടുവരേണ്ട. സുപ്രീംകോടതി തന്നെ ആംഗ്യഭാഷ വിവർത്തകനെ ഏർപ്പാടാക്കുകയാണ്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് ചരിത്രപരമായ തീരുമാനത്തിന് പിന്നിൽ. ആംഗ്യഭാഷാ വിദഗ്ദ്ധന്റെ ചെലവ് കോടതി വഹിക്കും. ആദ്യമായാണ് കേൾവിക്കും സംസാരത്തിനും പരിമിതിയുള്ള അഭിഭാഷകരെ കോടതി ചേർത്തുപിടിക്കുന്നത്. സെപ്തംബർ 22ന് സ്വന്തം നിലയ്ക്ക് ആംഗ്യഭാഷാ വ്യാഖ്യാതാവിനെ ഉപയോഗിച്ച് സാറാ സണ്ണി വാദിച്ചിരുന്നു. ഇത് നേരത്തേ വേണ്ടിയിരുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് അന്ന് പ്രതികരിച്ചത്.
ആംഗ്യഭാഷാ വിവർത്തകനെ നിയമിക്കാൻ അഭിഭാഷകയായ സഞ്ചിത ഐൻ മുഖേന സാറാ സണ്ണി സമർപ്പിച്ച അപേക്ഷ അംഗീകരിച്ച രജിസ്ട്രാർ വിവേക് സക്സേന, നടപടി സ്വീകരിക്കാൻ രജിസ്ട്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സാറാ സണ്ണി, കോട്ടയം സ്വദേശി
രാജ്യത്തെ ബധിരയും മൂകയുമായ ഏക അഭിഭാഷകയാണ് സാറാ സണ്ണി (25). അച്ഛൻ സണ്ണി കുരുവിള, അമ്മ ബെറ്റി എന്നിവർക്കൊപ്പം ബംഗളൂരുവിലാണ് താമസം. സഹോദരൻ പ്രതീകും, ഇരട്ട സഹോദരി മറിയയും കേൾവി പരിമിതിയുള്ളവരാണ്.
ഫോട്ടോ ക്യാപ്ഷൻ : അഡ്വ. സാറാ സണ്ണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |