മുംബയ്: പിൻവലിക്കുന്ന 2000 രൂപ നോട്ടുകളിൽ 87 ശതമാനവും നിക്ഷേപമായി ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർ.ബി.ഐ) ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. എങ്കിലും 2023 മെയ് 19 വരെ പ്രചാരത്തിലുള്ള 3.56 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളിൽ 12,000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്തംബർ 29 വരെ 3.42 ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരികെ ലഭിച്ചിട്ടുണ്ടെന്നും 14,000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്നും ആർ.ബി.ഐ അറിയിച്ചിരുന്നു. നോട്ടുകൾ തിരികെ നൽകാനുള്ള സമയപരിധി സെപ്തംബർ 30 ആയിരുന്നത് കേന്ദ്ര ബാങ്ക് ഒക്ടോബർ ഏഴ് വരെ (ഇന്ന്) നീട്ടുകയായിരുന്നു. നോട്ടുകൾ മുഴുവൻ ബാങ്കിൽ തിരികെ എത്തുന്നതിനാണ് സമയപരിധി നീട്ടിയത്. ഇന്നുകൂടി എല്ലാ ബാങ്കുകളിലും 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം. നാളെ മതുൽ ആർബിഐയുടെ റീജ്യണൽ ഓഫീസുകൾ വഴി മാത്രമേ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കൂ.
പണപ്പെരുപ്പത്തിന്റെ 4 ശതമാനം ലക്ഷ്യത്തിൽ എത്തിക്കാനാണ് ആർ.ബി.ഐ ആഗ്രഹിക്കുന്നതെന്നും വിലക്കയറ്റം കുറയുന്നത് വരെ പണനയം നിയന്ത്രണത്തിലായിരിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. പ്രതിസന്ധികൾ മുൻകൂട്ടി മനസ്സിലാക്കി ഉചിതമായ നടപടികൾ കൈക്കൊള്ളാണമെന്ന് ധനകാര്യ സ്ഥാപനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഓഡിറ്റ് ചെയ്യപ്പെടാത്ത ഫലങ്ങൾ പരിശോധിച്ചാൽ ജൂൺ പാദത്തിൽ മൊത്ത നിഷ്‌ക്രിയ ആസ്തി മെച്ചപ്പെട്ടിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |