എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി നടൻ വിനായകൻ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ സംഭവത്തിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. വിനായകൻ പൊലീസുകാരോട് സംസാരിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് പരിഹാസം.
"പൊളിറ്റിക്കൽ കറക്ടനസ്... സംസ്കാരം..ഭാഷാ ശുദ്ധി...കാരണം, വിനായകൻ സഖാവാണ്. നല്ല അസ്സൽ സഖാവ്" എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് നാലരയോടെ കലൂർ കതൃക്കടവിലുള്ള സ്വന്തം ഫ്ളാറ്റിൽ നിന്ന് വിനായകൻ നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭാര്യയുമായുള്ള വഴക്കിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. പൊലീസ് ഫ്ളാറ്റിലെത്തി വിവരങ്ങൾ തേടി. ഫ്ളാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് വിനായകനും ഭാര്യയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് തർക്കത്തിനു കാരണമെന്നു മനസിലാക്കിയ പൊലീസ് പ്രശ്‌നം പറഞ്ഞുപരിഹരിച്ച് മടങ്ങി.
താനും ഭാര്യയും തമ്മിലുണ്ടായ വഴക്കിൽ നോർത്ത് പൊലീസ് തന്റെ ഭാഗം കേട്ടില്ലെന്നാരോപിച്ച് വൈകിട്ട് ഏഴരയോടെ വിനായകൻ സ്റ്റേഷനിലെത്തി ബഹളം വയ്ക്കുകയായിരുന്നു. വിനായകനെ ശാന്തനാക്കാൻ പൊലീസുകാർ പരമാവധി ശ്രമിച്ചെങ്കിലും വലിയ തോതിൽ ബഹളം വച്ചതോടെ അറസ്റ്റ് ചെയ്‌തു.
തുടർന്ന് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിനായകനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ കാഷ്വാൽറ്റിയിലും ബഹളം വച്ചു. നടനെ കണ്ട് ആളുകൾ കൂടിയതായിരുന്നു കാരണം. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രോശിക്കുകയും ചെയ്തു. രോഗികളെയും ഒപ്പമെത്തിയവരെയും സമീപത്തു നിന്ന് മാറ്റിയതോടെ പതിയെ ശാന്തനാവുകയും പരിശോധനയോട് സഹകരിക്കുകയും ചെയ്‌തെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നലെ അർദ്ധരാത്രിയോടെ തന്നെ നടനെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |