കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ നടൻ വിനായകനെതിരെ ചുമത്തിയിരിക്കുന്നത് മൂന്ന് വർഷം തടവ് ലഭിക്കുന്ന കുറ്റമെന്ന് കൊച്ചി ഡി സി പി. ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങിക്കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'വിനായകന്റേത് പേഴ്സണൽ പ്രശ്നമാണ്. അതിലേക്ക് ഞാൻ കടക്കുന്നില്ല. അങ്ങനെ പ്രശ്നങ്ങളുണ്ടാകുമ്പോൾ പൊലീസ് പോകും. ഇടപെടും. വിനായകനെതിരെ ഭാര്യയ്ക്ക് പരാതിയുണ്ടോയെന്ന് പരിശോധിച്ചിട്ട് പറയാം. പുള്ളി മദ്യപിച്ച് കഴിഞ്ഞാൽ ഇങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ട്. മുമ്പൊരിക്കൽ പുള്ളി ഇങ്ങനെ വന്നിട്ട് ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇന്നലെ മെഡിക്കൽ പരിശോധന നടത്തിയിട്ടുണ്ട്. മദ്യപിച്ചിരുന്നു. ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങുന്ന കൂട്ടത്തിലല്ല ഞങ്ങൾ.'- ഡി സി പി പറഞ്ഞു.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് ഇന്നലെ വൈകിട്ടാണ് വിനായകനെ അറസ്റ്റ് ചെയ്തത്. വിനായകനും ഭാര്യയും തമ്മിൽ ഫ്ളാറ്റിൽ വച്ചുണ്ടായ വഴക്കുമായി ബന്ധപ്പെട്ട് നോർത്ത് പൊലീസ് തന്റെ ഭാഗം കേട്ടില്ലെന്നാരോപിച്ച് സ്റ്റേഷനിലെത്തി ബഹളം വയ്ക്കുകയായിരുന്നു.
സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിനായകനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ കാഷ്വാൽറ്റിയിലും ബഹളം വച്ചു. നടനെ കണ്ട് ആളുകൾ കൂടിയതായിരുന്നു കാരണം. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രോശിക്കുകയും ചെയ്തു. രാത്രി ഇയാളെ ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനെതിരെ ഉമ തോമസ് എം എൽ എ അടക്കമുള്ള നിരവധി പേർ രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |