കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട് ഒരാൾ കീഴടങ്ങി. തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിലാണ് കൊച്ചി സ്വദേശി കീഴടങ്ങിയത്. ബോംബ് വച്ചത് താനാണെന്ന് ഇയാൾ പൊലീസിന് മുമ്പാകെ അവകാശപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം, സ്ഫോടന പരമ്പരകൾക്ക് തൊട്ടുമുമ്പ് കൺവെൻഷൻ സെന്ററിൽ നിന്ന് പുറത്തേക്കുപോയ കാറിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. സ്ഥലത്ത് എയർഫോഴ്സിന്റെ ഹെലികോപ്ടർ നിരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്. കൊച്ചിഉൾപ്പെടെ സംസ്ഥാനത്ത് മുഴുവൻ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപക പരിശോധന നടത്താൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിരിക്കുകയാണ്. പട്രോളിംഗും ശക്തമാക്കും. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. നാളെ രാവിലെ പത്തുമണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം ചേരുന്നത്. എല്ലാ കക്ഷികൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്.
ജനക്കൂട്ടമുള്ള സ്ഥലങ്ങളിലും പ്രാർത്ഥനാ കേന്ദ്രങ്ങളിലും പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്. യുപിയിലും ഡൽഹിയിലും മഹാരാഷ്ട്രയിലും കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
ഇന്നുരാവിലെ ഒമ്പതരയോടെ ഉണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും മുപ്പത്തഞ്ചിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടി വെന്റിലേറ്ററിലാണെന്നും റിപ്പോർട്ടുണ്ട്. കളമശേരിയിൽ മെഡിക്കൽ കോളേജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പൊട്ടിത്തെറിയുണ്ടായത്. ഈ മാസം 27 മുതൽ നടന്നുവരുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.ഏകദേശം 2000ത്തിൽ അധികം പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |