ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സങ്കൽപ്പത്തിൽ പിറവിയെടുത്ത ചെറുധാന്യ ഗീതം, 'അബൻഡൻസ് ഓഫ് മില്ലറ്റ്സ്' 2024ലെ ഗ്രാമി നോമിനേഷൻ നേടി. മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് വിഭാഗത്തിലാണ് നോമിനേഷൻ. സന്തോഷവാർത്ത മോദി എക്സിൽ പങ്കുവച്ചു.
2023 അന്താരാഷ്‌ട്ര ചെറുധാന്യ വർഷമായി കൊണ്ടാടുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ഗാനം മോദി നിർദ്ദേശിച്ചത്. പ്രശസ്ത ഇന്ത്യൻ അമേരിക്കൻ ഗായികയും ഗ്രാമി ജേതാവുമായ ഫാൽഗുനി ഷായും ഭർത്താവും ഗായകനുമായ ഗൗരവ് ഷായും മോദിയുടെ ആഗ്രഹം സഫലമാക്കി. ഇരുവരും ചേർന്നാണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചതും. ചെറുധാന്യങ്ങളെ വാഴ്‌ത്തുന്ന ഗാനത്തിന്റെ രചനയിലും ആശയങ്ങൾ നൽകി മോദി പങ്കാളിയായി. വിഡിയോ ഗാനത്തിൽ മോദി പ്രത്യക്ഷപ്പെടുന്നുമുണ്ട്. നമ്മുടെ കർഷകരുടെ പ്രയത്നത്തിലൂടെ, ചെറു ധാന്യങ്ങൾ ( ഹിന്ദിയിൽ ശ്രീ അന്ന ) ഇന്ത്യയെയും ലോകത്തെയും സമൃദ്ധമാക്കുമെന്നും
ലോകം അന്താരാഷ്‌ട്ര മില്ലറ്റ് വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യ അഭിമാനത്തോടെ അതിന്റെ നേതൃത്വം ഏറ്റെടുക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.
കെനിയ ഓട്ടിയാണ് വിഡിയോ ആൽബത്തിന്റെ നിർമ്മാണം. ജൂണിൽ റിലീസ് ചെയ്‌ത ഗാനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
വാട്ട് ഇഫ് വി കുഡ്ചെയ്ഞ്ച് ദ വേൾഡ് എന്നു തുടങ്ങുന്ന ഗാനത്തിൽ എന്നോ നഷ്ടമായ, ഇപ്പോൾ വീണ്ടെടുത്ത ചെറു ധാന്യങ്ങൾ ശരീരത്തിനെയും ആത്മാവിനെയും പോഷിപ്പിച്ച് നമ്മെ സമ്പൂർണരാക്കുമെന്ന് പറയുന്നു. ബജ്റ, മണിച്ചോളം,റാഗി ധാന്യങ്ങളെ വർഷം തോറും പരിപോഷിപ്പിക്കാനുള്ള ആഹ്വാനവും ഉണ്ട്.
ഗാനത്തിന്റെ പിറവി
കഴിഞ്ഞ വർഷം ഗ്രാമി പുരസ്‌കാരം നേടിയ ശേഷം ഫാൽഗുനി പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചതാണ് വഴിത്തിരിവായത്. മില്ലെറ്ര് വർഷത്തിൽ പോഷക സമൃദ്ധമായ ചെറു ധാന്യങ്ങളെക്കുറിച്ച് ഒരു ഗാനം എഴുതാനുള്ള ആശയം അദ്ദേഹം മുന്നോട്ടുവച്ചു. സംഗീതത്തിന്റെ ശക്തി ഉൾക്കൊണ്ട് പട്ടിണിക്കെതിരെയുള്ള പോരാട്ടം എന്ന ആശയത്തിൽ ഒരു ഗാനം. അതായിരുന്നു അദ്ദേഹത്തിന്റെ സങ്കൽപ്പം. വരികൾ എഴുതാനും ഗാനത്തിൽ കാമറയ്ക്ക് മുന്നിലെലെത്താനും അദ്ദേഹം തയ്യാറായി.
2023 മില്ലെറ്റ് വർഷമായി ആചരിക്കാൻ മോദി മുൻകൈയെടുത്താണ് യു.എൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനിൽ നിർദ്ദേശം വച്ചത്. യു.എൻ ഇത് അംഗീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |