2008 ഐ.പി.എല്ലിലെ കരണത്തടിക്ക് പിന്നെയും മാപ്പുപറഞ്ഞ് ഹർഭജൻ
ചെന്നൈ : ''എന്റെ അച്ഛനെ അടിച്ച ആളല്ലേ, എനിക്ക് നിങ്ങളെ ഇഷ്ടമല്ല""- ശ്രീശാന്തിന്റെ മകൾ കഴിഞ്ഞ വർഷം തമ്മിൽ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞതാണ് ജീവിതത്തിൽ ഏറ്റവുമധികം സങ്കടമുണ്ടാക്കിയതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിംഗ്. മറ്റൊരു മുൻ ഇന്ത്യൻ ക്രിക്കറ്റർ രവിചന്ദ്രൻ അശ്വിന്റെ യൂട്യൂബ് അഭിമുഖത്തിൽ ജീവിതത്തിൽ നിന്ന് എന്തെങ്കിലും മായ്ചുകളയാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകവേയാണ് ഹർഭജൻ 2008ലെ ഐ.പി.എല്ലിനിടയിൽ ശ്രീശാന്തിനെ കരണത്തടിച്ചതിനെക്കുറിച്ചും ശ്രീശാന്തിന്റെ മകളെ കണ്ടതിനെക്കുറിച്ചും പറഞ്ഞത്.
2008 ൽ മുംബയ് ഇന്ത്യൻസ് താരമായിരുന്നു ഹർഭജൻ. ശ്രീശാന്ത് പഞ്ചാബ് കിംഗ്സിന്റേയും. മത്സരം തോറ്റുനിന്ന ഹർഭജനോട് ശ്രീശാന്ത് എന്തോ പറഞ്ഞു. ചുറ്റുംകൂടിനിന്നവരെ ഞെട്ടിച്ചുകൊണ്ട് ശ്രീശാന്തിന്റെ കരണത്തടിക്കുകയായിരുന്നു ഹർഭജൻ. കളിയിൽ നിന്ന് വിലക്കപ്പെട്ട ഹർഭജൻ ശ്രീശാന്തിനോട് മാപ്പുമറയുകയും ചെയ്തു. പിന്നീട് താൻ തെറ്റാണ് ചെയ്തതെന്ന് ഈ വിഷയം പരാമർശിക്കുമ്പോഴൊക്കേയും ഹർഭജൻ സമ്മതിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞവർഷം ശ്രീശാന്തിന്റെ മകൾ ശ്രീസാൻവിക തന്നോട് ദേഷ്യമാണെന്ന് പറഞ്ഞപ്പോൾ ഹൃദയം വേദനിക്കുകയും കണ്ണുനിറയുകയും ചെയ്തെന്ന് ഹർഭജൻ അശ്വിനോടു പറഞ്ഞു. ഒരു കുഞ്ഞുമനസിൽ തന്നെ ഒരു ദുഷ്ടനായി കാണാൻ പ്രേരിപ്പിക്കുന്ന പ്രവൃത്തിയാണ് തന്നിൽ നിന്നുണ്ടായതെന്നും അതിന് വീണ്ടും വീണ്ടും മാപ്പുചോദിക്കുന്നുവെന്നും പറഞ്ഞ ഹർഭജൻ തന്റെ ജീവിതത്തിൽ നിന്ന് മായ്ചുകളയാൻ ആഗ്രഹിക്കുന്ന കാര്യമാണീ അടിക്കേസെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |