പത്ത് വർഷം മുമ്പ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ട കായികരൂപം വനിതാ ക്രിക്കറ്റ് ആയിരുന്നു. പ്രതിഭാ സമ്പന്നരായ നിരവധി താരങ്ങളുണ്ടായിട്ടും വനിതാ ക്രിക്കറ്റ് ഇന്ത്യയിൽ ജനപ്രീതി ആർജ്ജിച്ചില്ല. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സ്ഥിതിഗതികളാകെ മാറിമറിഞ്ഞു. ഇന്ന് ഇന്ത്യയിൽ പുരുഷക്രിക്കറ്റിനോളം ഇല്ലെങ്കിലും വനിതാ ക്രിക്കറ്റ് വളരെയധികം ജനപ്രീതിയാർജ്ജിച്ചു കഴിഞ്ഞു. നിരവധി താരങ്ങളുടെ സാന്നിദ്ധ്യമാണ് ഇന്ത്യൻ വനിതാക്രിക്കറ്റിന് ജനപ്രീതിയുണ്ടാക്കി കൊടുത്തത്. അതിൽ ആദ്യത്തെ പേരാണ് ഇന്ത്യൻ വനിതാക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണിംഗ് ബാറ്ററുമായ സ്മൃതി മാന്ഥന
ഇക്കഴിഞ്ഞ ജൂലായ് 18 ന് സ്മൃതി മാന്ഥനയുടെ 29 ാം പിറന്നാളായിരുന്നു. 1996 ജൂലായ് 18 ാം തീയ്യതി മുംബെയിലാണ് സ്മൃതിയുടെ ജനനം. സ്മൃതിയുടെ ക്രിക്കറ്റ് കഴിവുകൾ വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് അച്ഛനും അമ്മയും സഹോദരനുമാണ്. ചെറുപ്പത്തിൽ നെറ്റ്സിൽ സ്മൃതിക്ക് ബാറ്റ് ചെയ്യാന്‍ പന്ത് എറിഞ്ഞു കൊടുത്തത് സഹോദരനായിരുന്നു.
2013 ഒക്ടോബറിൽ അണ്ടർ 19 ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്രക്ക് വേണ്ടി ഗുജറാത്തിനെതിരെ ഡബിൾ സെഞ്ച്വറി നേടിയാണ് സ്മൃതി തന്റെ ക്രിക്കറ്റ് ലോകത്തിലേക്കുള്ള വരവ് അറിയിച്ചത്. ഈ സെഞ്ച്വറി സ്മൃതിക്ക് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നു. അങ്ങനെ 2014 ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി കളിക്കാൻ സ്മൃതിക്ക് അവസരമുണ്ടായി, ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ 22 റൺസും രണ്ടാം ഇന്നിംഗ്സിൽ 54 റൺസും നേടി. അങ്ങനെ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് വിജയത്തിൽ സ്മൃതി പ്രധാന പങ്ക് വഹിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ വനിതകൾക്ക് ടെസ്റ്റ് മത്സരങ്ങൾ കളിക്കാനുള്ള അവസരം വളരെ കുറവാണ്. 11 വർഷത്തിനിടയിൽ സ്മൃതി ആകെ കളിച്ചത് 7 ടെസ്റ്റ് മാച്ചുകളാണ്. അതിൽ രണ്ട് സെഞ്ച്വറികൾ സ്മൃതിക്ക് ഉണ്ട്. ഒന്ന് സൗത്ത് ആഫ്രിക്കക്കെതിരെയും, രണ്ട് ഓസ്ത്രേലിയക്കെതിരെയും, കൂടാതെ മൂന്ന് അർദ്ധസെഞ്ച്വറികളും.
ടെസ്റ്റിൽ സ്മൃതിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം ഓസ്ത്രേലിയക്കെതിരെ ഓസ്ത്രേലിയയിൽ വെച്ച് നേടിയ സെഞ്ച്വറിയാണ്. 2021 ൽ കറാറയിൽ തന്റെ ആദ്യത്തെ ടെസ്റ്റ് സെഞ്ച്വറി സ്മൃതി ഓസ്ത്രേലിയക്കെതിരെയാണ് നേടിയത്. (127) ടെസ്റ്റിന് പുറമെ ഏകദിനക്രിക്കറ്റിലും സ്മൃതി ഓസ്ത്രേലിയക്കെതിരെ ഓസത്രേലിയൻ മണ്ണിൽ സെഞ്ച്വറി നേടിയിട്ടുണ്ട്.
2017 ലോകകപ്പിൽ ഇന്ത്യയെ ഫൈനലിൽ എത്തിക്കുന്നതിൽപ്രധാന പങ്ക് വഹിച്ചത് സ്മൃതിയാണ്. ഇംഗ്ലണ്ടിനെതിരെയുണ്ടായ ആദ്യമത്സരത്തിലും വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം മത്സരത്തിലും സ്മൃതി സെഞ്ച്വറി നേടി. അങ്ങനെ ഈ സെഞ്ച്വറികളും സ്മൃതിയുടെ ഈ രണ്ട് ഇന്നിംഗ്സുകൾ ലീഗ് മത്സരങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുകയും ആ വിലപ്പെട്ട പോയിന്റുകൾ ഇന്ത്യയെ ലോകകപ്പിന്റെ ഫൈനലിൽ എത്തിക്കുകയും ചെയ്തു.
ടെസ്റ്റ്, ഏകദിനം, ട്വന്റി-ട്വന്റി ഈ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യൻ വനിതാക്രിക്കറ്റ് താരം ആണ് സ്മൃതി. ഇന്നേവരെ ടെസ്റ്റ് ക്രിക്കറ്റിൽ 2 സെഞ്ച്വറികളും ഏകദിനത്തിൽ 11 സെഞ്ച്വറികളും ട്വന്റി-ട്വന്റിയിൽ 1 സെഞ്ച്വറിയും നേടിയിട്ടുണ്ട്. 260 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് സ്മൃതി ഇന്നേവരെ നേടിയത് 9044 റൺസ്.
കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ഇന്ത്യക്ക് മെഡൽ സമ്മാനിക്കുന്നതിൽ സ്മൃതിയുടെ പങ്ക് വളരെ വലുതാണ്. 2022 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ ജേതാവും 2022 ഹാംഗ്ചോ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ ജേതാവും ആണ് സ്മൃതി.
3 വർഷം മാത്രം പ്രായമുള്ള വനിതാ പ്രീമിയർ ലീഗിൽ രണ്ടാം വർഷം ബാഗ്ലൂർ ചാലഞ്ചേഴ്സിന് കിരീടം നേടിക്കൊടുക്കുന്നതിൽ സ്മൃതിയുടെ ക്യാപ്റ്റൻസിയും ഫോമും വഹിച്ച പങ്ക് വളരെ വലുതാണ്.
നിരവധി അവാർഡുകൾ സ്മൃതിയെ തേടിയെത്തിയിട്ടുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടത് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള അവാർഡ് ആയിരുന്നു. 2018, 2021, 2022 വർഷങ്ങളിൽ ഈ അവാർഡ് സ്മൃതിയെ തേടി വന്നു.
2025 ൽ ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റർക്കുള്ള അവാർഡും ഏകദിനത്തിൽ ഏറ്റവും അധികം റൺസ് സ്‌കോർ ചെയ്ത ഇന്ത്യൻ ബാറ്റർക്കുള്ള ബി.സി.സി.ഐ യുടെ അവാർഡും ലഭിച്ചത് സ്മൃതിക്കായിരുന്നു.
സ്മൃതിയുടെ ജീവിതത്തിൽ ഏറ്റവും വലിയ പരീക്ഷണം വരുന്ന സെപ്തംബർ , ഒക്ടോബർ മാസങ്ങളിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പാണ്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടണമെങ്കിൽ സ്മൃതി മികച്ച ഫോമിലെത്തിയേ പറ്റൂ. സ്മൃതി ഫോമിലേക്ക് ഉയർന്നാൽ നിഷ്പ്രയാസം ഇന്ത്യക്ക് ലോകകപ്പ് നേടാനാകും. സ്മൃതിയുടെ ബാറ്റിംഗ് ശൈലി ഏറ്റവും അധികം യോജിക്കുന്നത് ട്വന്റി ട്വന്റി ക്രിക്കറ്റിനേക്കാള്‍ ടെസ്റ്റ് ക്രിക്കറ്റിനും ഏകദിനക്രിക്കറ്റിനുമാണ്. വൈസ് ക്യപ്റ്റന്റെ മികച്ച ഫോമിലൂടെ വനിതാ ലോകകപ്പ് ഇന്ത്യക്ക് ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |