ന്യൂഡൽഹി: എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ (ഇ.ഡി) സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. മദ്രാസ് ഹൈക്കോടതിയിലും ഇ.ഡി പ്രഹരമേറ്റുവാങ്ങി.
മൈസൂർ അർബൻ ഡെവലപ്പ്മെന്റ് അതോറിട്ടി(മുഡാ) ഭൂമി അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് സമൻസ് അയച്ചതുമായി ബന്ധപ്പെട്ട കേസിൽ, ഇ.ഡിയെ എന്തിനാണ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.
കടുത്ത ഭാഷയിൽ പറയാനുണ്ട്. കൂടുതൽ പറയിപ്പിക്കരുത്. രാഷ്ട്രീയപോരാട്ടം വോട്ടർമാർക്കിടയിൽ നടക്കട്ടെ. ഹർജി പിൻവലിച്ച് ഇ.ഡി തടിതപ്പി.
സമൻസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഇ.ഡി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദൻ എന്നിവരടങ്ങിയ ബെഞ്ച്.
'സൂപ്പർ പൊലീസ്' അല്ല:
മദ്രാസ് ഹൈക്കോടതി
ശ്രദ്ധയിൽപ്പെടുന്ന എല്ലാ കേസുകളും ഏറ്റെടുത്ത് അന്വേഷിക്കാൻ ഇ.ഡി 'സൂപ്പർ പൊലീസ്' അല്ലെന്ന് മദ്രാസ് ഹൈക്കോടതി വിമർശിച്ചു. ആർ.കെ.എം പവൻജെൻ കമ്പനിയുടെ 901 കോടിയുടെ സ്ഥിര ബാങ്ക് നിക്ഷേപം ജനുവരിയിൽ ഇ.ഡി മരവിപ്പിച്ചിരുന്നു. ഈ നടപടി റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസുമാരായ എം.എസ്. രമേഷ്, വി. ലക്ഷ്‌മീ നാരായണൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം. കള്ളപ്പണ ഇടപാട് നടക്കുകയും അതിലെ തുക തെളിവായി ലഭിക്കുകയുംചെയ്താൽ മാത്രമേ അന്വേഷണം തുടങ്ങാൻ ഇ.ഡിക്ക് കഴിയുകയുള്ളുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |