SignIn
Kerala Kaumudi Online
Saturday, 02 March 2024 10.51 PM IST

എറണാകുളത്തിന് പിന്നാലെ രണ്ടാമത്തെ നഗരമായി മാറുന്ന കേരളത്തിലെ പ്രദേശം, പക്ഷേ തട്ടിപ്പുകാരുടെ പറുദീസ

fraud

കൊച്ചിയുടെ ഉപനഗരമായി അനുദിനം വളരുന്ന പട്ടണമാണ് ഇടുക്കി ജില്ലയുടെ ലോറേഞ്ചിലുള്ള തൊടുപുഴ. എന്നാൽ ഹൈറേഞ്ചിന്റെ കവാടമായ ഈ നഗരം അടുത്തിടെ ഓൺലൈൻ തട്ടിപ്പുകാരുടെ ഇഷ്ടകേന്ദ്രമായി മാറുകയാണെന്ന് പൊലീസ് പറയുന്നു. ഒന്നര മാസത്തിനുള്ളിൽ തൊടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം റിപ്പോർട്ട് ചെയ്തത് ഒരു കോടിയോളം രൂപയുടെ തട്ടിപ്പാണ്. ബുദ്ധിമാന്മാരെന്ന് സ്വയം കരുതുന്ന പലരും കബളിപ്പിക്കലിന് ഇരയായി പണം നഷ്ടപ്പെട്ടെങ്കിലും നാണക്കേടുകൊണ്ട് പുറത്തുപറയാത്ത സംഭവങ്ങളുമുണ്ട്. ഓൺലൈനായും അല്ലാതെയുമുള്ള തട്ടിപ്പുകൾക്ക് തൊടുപുഴക്കാർ വിധേയരാകുന്നുണ്ട്. ആളുകളുടെ അശ്രദ്ധയും അറിവില്ലായ്മയും മുതലെടുത്താണ് തട്ടിപ്പുകൾ നടക്കുന്നത്. വിദ്യാസമ്പന്നരായവർ ഉൾപ്പെടെയാണ് തട്ടിപ്പിന് ഇരയാകുന്നത്. ദിവസങ്ങൾക്കുള്ളിൽ രണ്ട് വലിയ തട്ടിപ്പുകാരെ പൊലീസ് പിടികൂടിയിട്ടുണ്ട്. എന്നാൽ, അതിലും ഏറെപ്പേർ കാണാമറയത്താണ്. എസ്.എം.എസ്, ടെലിഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയവയിലൂടെയാണ് ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത്.

രണ്ടാഴ്ച മുൻപ് തൊടുപുഴയ്ക്കടുത്തുള്ള ഒരു വ്യാപാരിക്ക് എസ്.ബി.ഐയുടെ യോനോ ആപ്പിലൂടെ നഷ്ടമായത് 10 ലക്ഷം രൂപയാണ്. സെപ്തംബർ 25ന് പരാതിക്കാരന്റെ ഫോണിലേക്ക് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ യോനോ ആപ്പ് വഴി ലോൺ നൽകുമെന്ന് പറഞ്ഞ് ഒരു എസ്.എം.എസ് എത്തി. ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്‌തപ്പോൾ ഒരാൾ തിരികെ വിളിച്ച് വായ്പ അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ, പാൻകാർഡ് എന്നിവ വാങ്ങി. ഇതുപയോഗിച്ച് ഇവർ യോനോ ആപ്പിൽ കയറാൻ ശ്രമിച്ചു. ഫോർഗോട്ട് പാസ്‌വേർഡ് ഓപ്ഷൻ കൊടുത്തപ്പോൾ ഒരു ഒ.ടി.പി വ്യാപാരിയുടെ ഫോണിലേക്ക് വന്നു. ഇത് ലോണിന്റെ കോഡാണെന്ന് പറഞ്ഞപ്പോൾ പരാതിക്കാരൻ ഒ.ടി.പി പറഞ്ഞു നൽകി. ആ സമയം ആപ്പിന്റെ എം പിൻ തട്ടിപ്പുകാർ മാറ്റി. അങ്ങിനെ മൂന്ന് തവണ ഇവർ ഒ.ടി.പി ചോദിച്ചു വാങ്ങി. പരാതിക്കാരന്റെ അക്കൗണ്ട്,​ ഇന്റർനെറ്റ് ബാങ്കിംഗ് പ്രൊഫൈൽ, പാസ്‌വേർഡ് എന്നിവ സംഘത്തിന്റെ കൈയിലായി. തുടർന്ന് ഇവർ രണ്ട് ബെനിഫിഷ്യറി അക്കൗണ്ടുകളും ഇതിൽ ആഡ് ചെയ്തു. വായ്പ കുറച്ചു ദിവസത്തിനുള്ളിൽ കിട്ടുമെന്നാണ് തട്ടിപ്പുകാർ അറിയിച്ചത്. ഇതിനിടെ പരാതിക്കാരൻ ഒരു സഹകരണ സംഘത്തിൽ നിന്ന് 15 ലക്ഷം രൂപ വായ്പയെടുത്തു. ഇത് എസ്.ബി.ഐ അക്കൗണ്ടിലേക്ക് മാറ്റി. ആ തക്കത്തിന് തട്ടിപ്പുകാർ രണ്ട് ബെനിഫിഷ്യറി അക്കൗണ്ട് വഴി 10 ലക്ഷം രൂപ ഒക്ടോബർ രണ്ടിനും മൂന്നിനുമായി പിൻവലിക്കുകയായിരുന്നു. മൂന്ന് ദിവസം കൊണ്ട് എ.ടി.എം കാർഡ് വഴി ഇവർ പണം എടുക്കുകയും ചെയ്തു. തട്ടിപ്പ് മനസിലാക്കിയ വ്യാപാരി ബാങ്കുമായി ബന്ധപ്പെട്ട് യോനോ അക്കൗണ്ട് മരവിപ്പിക്കുകയും തുടർന്ന് പൊലീസിൽ പരാതിയും നൽകി. പണം പിൻവലിച്ച ബെനിഫിഷ്യറി അക്കൗണ്ട് പരിശോധിച്ച് പൊലീസ് പ്രതിയെ ബീഹാറിലെത്തി പിടികൂടി. ഭോജ്പൂർ ജില്ലയിലെ ആര സ്വദേശി രേവത് നന്ദനാണ് (39) പിടിയിലായത്.

സൈബർ സുരക്ഷയ്ക്ക് പദ്ധതി

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ നാൾക്കുനാൾ പെരുകുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് നൂതന പദ്ധതി വരുന്നു. തട്ടിപ്പുകാരുടെ പ്രലോഭനങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുകളും സൈബർ കുറ്റവാളികളെക്കുറിച്ച് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനും പൊലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വോളന്റിയർമാരെ നിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സൈബർ വോളന്റിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലമുണ്ടാവില്ല. തിരഞ്ഞെടുക്കപ്പെടുന്ന വോളന്റിയർമാർക്ക് പരിശീലനം നൽകിയ ശേഷം സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും സൈബർ സുരക്ഷാ അവബോധം പകരാൻ ഇവരുടെ സേവനം വിനിയോഗിക്കും. രാജ്യത്താകെ ദിനംപ്രതി നടക്കുന്ന സൈബർ കുറ്റവാളികളുടെ പുതിയ തട്ടിപ്പുകളെക്കുറിച്ച് ആവശ്യമായ സന്ദർഭങ്ങളിൽ പ്രത്യേക തുടർപരിശീലനവും നൽകും. ജില്ലാ ക്രൈം റെക്കാർഡ്‌സ് ബ്യൂറോയിലെ ഡിവൈ.എസ്.പിമാർ പദ്ധതിയുടെ നോഡൽ ഓഫീസറും സൈബർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അസിസ്റ്റന്റ് നോഡൽ ഓഫീസറുമായിരിക്കും.

വില്ലനായി ടെലഗ്രാമിലെ ഗെയിം
തൊടുപുഴയ്ക്കടുത്തുള്ള ഒരു യുവാവിന് ടെലഗ്രാമിൽ ഒരു മെസേജ് വരുന്നു. പണം കിട്ടുന്ന ഒരു ഗെയിമെന്ന രീതിയിലാണ് പരിചയപ്പെടുത്തിയത്. ഒമ്പത് ടാസ്‌കുകൾ നൽകും. ഇതിനായി ആദ്യം 500 രൂപ നൽകണം. ഇതിൽ ജയിച്ചാൽ കൂടുതൽ തുക ലഭിക്കും. അപ്പോൾ കൂടുതൽ പണമടച്ച് അടുത്ത ടാസ്കിൽ പങ്കെടുക്കണം. ഓരോ ടാസ്കും കഴിയുമ്പോൾ അടയ്ക്കുന്ന പൈസയും നാലിരട്ടി തുകയായ അയ്യായിരവും പതിനായിരവും വീതം ഇയാളുടെ അക്കൗണ്ടിലെത്തി. അങ്ങിനെ ഏഴ് ടാസ്‌കുകൾ കഴിഞ്ഞപ്പോൾ കുറച്ചധികം തുക യുവാവിന്റെ അക്കൗണ്ടിൽ എത്തി. അടുത്ത ടാസ്‌കിൽ അഞ്ച് ലക്ഷമാണ് അവർ ആവശ്യപ്പെട്ടത്. പണം യുവാവ് നൽകി. അടുത്ത ടാസ്‌കിൽ വിജയിച്ചെങ്കിലും പണം പിന്നെ തിരിച്ചു കിട്ടിയില്ല. അന്വേഷണത്തിൽ ഝാർഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ, മുർഷിദാബാദ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

സുഹൃത്തായും ചതിച്ചു
ഫേസ്ബുക്ക് സൗഹൃദം വഴിയും തട്ടിപ്പുകൾ നടക്കുന്നുണ്ട്. വിദേശത്തെ കോടീശ്വരനാണെന്ന പേരിലാണ് തൊടുപുഴക്കാരിയായ വീട്ടമ്മയ്ക്ക് സൗഹൃദാഭ്യർത്ഥന വന്നത്. ഏറെ നാൾ ഒരു പ്രശ്‌നവുമില്ലാതെ മാന്യമായി ചാറ്റ് ചെയ്തു. ഇതിനിടെ ചില പ്രശ്‌നങ്ങൾ കാരണം ബാങ്ക് അക്കൗണ്ട് ബ്ലോക്കായെന്നും കുറച്ച് തുക വേണമെന്നും ഇരട്ടിയായി തിരിച്ചു നൽകാമെന്നും കോടീശ്വരൻ വീട്ടമ്മയ്ക്ക് സന്ദേശമയച്ചു. വാക്ക് വിശ്വസിച്ച് ഒരു ലക്ഷം രൂപയോളം കൊടുത്തു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും തുക ആവശ്യപ്പെട്ടു. അതും നൽകി. വീണ്ടും കുറച്ചേറെ തുക ആവശ്യപ്പെട്ടു. അതും കൊടുത്തതോടെ പിന്നെ പൊടിപോലുമുണ്ടായില്ല.

ഐഫോൺ എയർപോർട്ടിൽ കുടുങ്ങി

സൗഹൃദത്തിന്റെ പേരിൽ വിലകൂടിയ ഐഫോണും ആഭരണവും വിദേശത്ത് നിന്ന് അയച്ചിട്ടുണ്ടെന്ന് പറഞ്ഞും തട്ടിപ്പ് നടന്നിട്ടുണ്ട്. ഇവിടെയും ഒരു യുവതിയാണ് കബളിപ്പിക്കപ്പെട്ടത്. സാങ്കേതിക കാരണങ്ങളാൽ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്നും കുറച്ച് പണം ഇന്ന അക്കൗണ്ടിലേക്ക് അയച്ചാൽ വിട്ടുകിട്ടുമെന്നും അറിയിച്ചു. സമ്മാനങ്ങളുടെ ഫോട്ടോയും അയച്ചു. പണം അടച്ചെങ്കിലും സമ്മാനം കിട്ടിയില്ല. ലക്ഷക്കണക്കിന് രൂപയാണ് യുവതിയ്ക്ക് നഷ്ടമായത്.

പാസ്റ്ററിനെയും പറ്റിച്ചു

ചികിത്സാ സഹായത്തിന്റെ പേരിൽ ഒരു പാസ്റ്ററിനെ കബളിപ്പിച്ച് പണം വാങ്ങിയ കേസും തൊടുപുഴയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിൽ ഒരു സുഹൃത്തിന്റെ വ്യാജ ഐഡിയുണ്ടാക്കിയ ശേഷം കുട്ടി ആശുപത്രിയിലാണെന്നും പണം തന്ന് സഹായിക്കണമെന്നും പാസ്റ്ററിന് സന്ദേശമയച്ചു. പാസ്റ്റർ ആദ്യം പണം അയച്ചു. രണ്ടാമതും പണം ചോദിച്ചപ്പോൾ സംശയം തോന്നിയ പാസ്റ്റർ സുഹൃത്തിനെ ഫോണിൽ വിളിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസിലാകുന്നത്.

കഷ്ടം,​ ബാങ്ക് മാനേജരും

തട്ടിപ്പുകാരുടെ വലയിൽ വീണവരിൽ ബാങ്ക് മാനേജരുമുണ്ടൈന്നത് പൊലീസിനെ പോലും ഞെട്ടിച്ചു. പത്തനംതിട്ടയിലെ പ്രമുഖ ദേശസാത്കൃത ബാങ്കിൽ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയാണ് ലോൺ തട്ടിപ്പിൽ വീണത്. ഒന്നര ലക്ഷം രൂപ ലോൺ തരാമെന്ന് പറഞ്ഞ് പലതവണയായി പ്രൊസസിംഗ് ഫീസെന്ന പേരിൽ മൂന്നര ലക്ഷം രൂപയാണ് ബാങ്ക് മാനേജരുടെ കൈയിൽ നിന്ന് തട്ടിപ്പ് സംഘം വാങ്ങിയെടുത്തത്. ഇത്രയും വലിയ തട്ടിപ്പിന് നിന്നു കൊടുത്തത് ബാങ്ക് മാനേജർ തന്നെയാണെന്ന് ഐഡന്റിറ്റി കാർഡ് കാണിച്ചപ്പോഴാണ് പൊലീസ് വിശ്വസിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CYBER FRAUD, IDUKKI, THODUPUZHA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.