മാലിന്യങ്ങൾ തോന്നിയതുപോലെ വലിച്ചെറിയുന്നു
കൊല്ലം: മാലിന്യ നിക്ഷേപത്തിന് കൊല്ലം ബീച്ചിൽ സ്ഥാപിച്ച ബിന്നുകൾ നോക്കുകുത്തികളാക്കി, സന്ദർശകർ വലിച്ചെറിയുന്ന ഭക്ഷണാവിശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ വലിയ തലവേദനയാവുന്നു. പ്ളാസ്റ്റിക് മാലിന്യങ്ങളും ചില്ല് കുപ്പികളുമൊക്കെ ബീച്ചിന്റെ സൗന്ദര്യത്തിന് നാശമുണ്ടാക്കും വിധം ചിതറിക്കിടക്കുകയാണ്. ഇവ നീക്കം ചെയ്യാൻ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെങ്കിലും പൊരിവെയിലിൽ അവർ കുഴയുന്നതല്ലാതെ ഫലമുണ്ടാവുന്നില്ല.
പെട്ടെന്ന് ശ്രദ്ധയിൽപെടാത്ത വിധം ചില്ലുകുപ്പികളും മണലിൽ കിടപ്പുണ്ട്. ഇതിൽ തട്ടി മുറിവുണ്ടാകാനുള്ള സാദ്ധ്യതയുമേറെ.
ബീച്ചിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ ജർമൻ നിർമ്മിത ബീച്ച് ക്ളീനിംഗ് സർഫ് റേക്ക് മെഷീൻ 2021ൽ ആണ് എത്തിച്ചത്. 30.50 ലക്ഷം മുടക്കിയാണ് മെഷീൻ വാങ്ങിയത്. ഇതുപയോഗിച്ച് ദിവസവും വൃത്തിയാക്കിയിട്ടും മാലിന്യം കുറയുന്നില്ല. യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കാൻ കഴിയാത്ത ഭാഗത്തുള്ളവ ശുചീകരണ തൊഴിലാളികളാണ് നീക്കം ചെയ്യുന്നത്. കോർപ്പറേഷന്റെയും ഡി.ടി.പി.സിയുടെയും ശുചീകരണ തൊഴിലാളികൾ എത്താറുണ്ടെങ്കിലും മാലിന്യം പിന്നെയും ബാക്കി. ശേഖരിക്കുന്നവ നീക്കം ചെയ്യാതെ കൂട്ടിയിടുന്നതാണ് മറ്റൊരു പ്രശ്നം. ഇത്രയും വലിയ ബീച്ച് വൃത്തിയാക്കാൻ വേണ്ടത്ര ശുചീകരണ തൊഴിലാളികൾ ഇല്ല.
നായ്ക്കളും ഭീഷണി
ബീച്ചിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കളാണ് മറ്രൊരു പ്രശ്നം. കഴിഞ്ഞ തിങ്കളാഴ്ച ബീച്ചിലെത്തിയ ഒരു സ്ത്രീയെ തെരുവുനായ കടിച്ചു. ബീച്ചിലെത്തുന്ന കുട്ടികൾ അടക്കമുള്ളവർക്ക് ഭീഷണിയാണിവ.
ബീച്ചിനെ പ്ലാസ്റ്റിക് ഫ്രീ സോണാക്കിയിട്ടുണ്ട്. കടകളിലടക്കം പ്ലാസ്റ്റിക് ഉപയോഗിക്കാൻ പാടില്ലെന്ന നിർദ്ദേശവും കൊടുത്തിട്ടുണ്ട്. പരിശോധനയ്ക്കായി സ്വാകാഡിനെ നിയോഗിച്ചു
യു.പവിത്ര, ചെയർപേഴ്സൺ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |