ചവറ: സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണിയിലായ വീട്ടമ്മയ്ക്ക് കൈത്താങ്ങായി ബാങ്ക് സെക്രട്ടറി. കോൺഗ്രസ് ഭരിക്കുന്ന ചവറ 147-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്നു വായ്പയെടുത്ത പന്മന ചിറ്റൂർ സ്വദേശി മഹേശ്വരിയുടെ വായ്പത്തുകയായ 35,000 രൂപ സെക്രട്ടറി കെ.ആർ. സുരേഷ് കുമാർ തന്റെ പി.എഫ് അക്കൗണ്ടിൽ നിന്ന് ലോൺ എടുത്ത് അടയ്ക്കുകയായിരുന്നു.
വിധവയും ക്യാൻസർ ബാധിതയുമായ മഹേശ്വരി എട്ടു വർഷം മുമ്പാണ് വായ്പയെടുത്തത്. ഏക മകൻ മാനസിക വെല്ലുവിളി നേരിടുകയാണ്. പലിശയും പിഴപ്പലിശയും അടക്കം വായ്പത്തുക 75,000 രൂപയിലെത്തിയതോടെ ജപ്തി നടപടികളിലേക്കു കടക്കേണ്ട സാഹചര്യമായി. കുടുംബത്തിന്റെ ദൈന്യാവസ്ഥ സുരേഷ് കുമാർ സഹകരണ വകുപ്പിൽ അറിയിച്ചു. സഹകരണ വകുപ്പിന്റെ അനുമതിയോടെ പലിശയും പിഴപ്പലിശയും ഒഴിവാക്കി വായ്പത്തുകയായ 35,000 രൂപ സുരേഷ് കുമാർ അടയ്ക്കുകയായിരുന്നു. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ടൈറ്റാനിയം ജംഗ്ഷന് സമീപം നടത്തിയ സഹകാരി സംഗമത്തിൽ ബാങ്ക് പ്രസിഡന്റ് കോലത്ത് വേണുഗോപാൽ മഹേശ്വരിക്ക് വസ്തുവിന്റെ ആധാരം തിരികെ നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |