ടെൽ അവീവ്: ഗാസയിൽ ആക്രമണം തുടരുന്ന ഇസ്രയേലിനെതിരെ ഭീഷണിയുമായി ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ. ഇസ്രയേൽ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് ഹൂതി വക്താവ് യഹ്യ സറിയ പറഞ്ഞു. കപ്പലുകളിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാരെ രാജ്യങ്ങൾ ഉടൻ തിരികെ വിളിക്കണമെന്നും മുന്നറിയിപ്പ് നൽകി. ഗാസയിലെ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇസ്രയേലിനെതിരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുമെന്ന് ഹൂതികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഗാസയിൽ മരണം 12,300 കടന്നു. ഇതിൽ 5,000 കുട്ടികളും ഉൾപ്പെടുന്നു. ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയിൽ 291 രോഗികളും 25 ജീവനക്കാരും കുടുങ്ങിക്കിടക്കുകയാണ്. പൂർണ വളർച്ചയെത്താത്ത 31 കുഞ്ഞുങ്ങളെ യു.എന്നും റെഡ് ക്രെസന്റും ചേർന്ന് തെക്കൻ ഗാസയിലേക്ക് മാറ്റി. അൽ ഷിഫ ' മരണ മേഖല'യാണെന്നും വെള്ളവും ഇന്ധനവും മരുന്നുമില്ലാതെ സ്ഥിതി ദയനീയമായിരിക്കുകയാണെന്നും ഇന്നലെ ഇവിടം സന്ദർശിച്ച ഡബ്ലിയു.എച്ച്.ഒ ടീം പറഞ്ഞു.
ബന്ദികളുടെ മോചനം സംബന്ധിച്ച് ഇസ്രയേലും ഹമാസും ഉടൻ ധാരണയിലെത്തിയേക്കുമെന്നാണ് പ്രതീക്ഷ. ഉടമ്പടിയിലെത്താൻ ചെറിയ തടസങ്ങൾ മാത്രമാണുള്ളതെന്ന് മദ്ധ്യസ്ഥത വഹിക്കുന്ന ഖത്തർ അറിയിച്ചു. അഞ്ചു ദിവസത്തെ വെടിനിറുത്തലിന് പകരം ഡസൻകണക്കിന് ബന്ദികളെ മോചിപ്പിക്കാനുള്ള പ്രാഥമിക ധാരണയിലേക്ക് ഇസ്രയേലും ഹമാസും യു.എസും എത്തിയതായി അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വൈറ്റ് ഹൗസ് ഇത് തള്ളി. ബന്ദികളെ മോചിപ്പിച്ചാലേ വെടിനിറുത്തൽ നടപ്പാക്കൂ എന്നാണ് ഇസ്രയേൽ നിലപാട്.
ഗാസയിൽ അടിയന്തരമായി വെടിനിറുത്തലിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ജോർദാൻ രാജാവും ആവശ്യപ്പെട്ടിരുന്നു. സിവിലിയൻമാർക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണം മൂലമുണ്ടാകുന്ന മാനുഷിക ദുരന്തം അവസാനിപ്പിക്കാൻ ലോകശക്തികൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |